സ്വന്തം ലേഖകന്‍: ഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി തീപിടുത്തത്തില്‍ പൂര്‍ണമായും നശിച്ചു, വന്‍ നാശനഷ്ടം. ഇന്നലെ പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. മുപ്പതിലേറെ അഗ്‌നിശമന സേനാ എന്‍ജിനുകളുമായി ഇരുന്നൂറിലേറെ സുരക്ഷാ ജീവനക്കാര്‍ നാല് മണിക്കൂറിലേറെ പരിശ്രമിച്ചതിന് ശേഷമാണ് തീയണച്ചത്.
ഡല്‍ഹി മാണ്ടി ഹൗസില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഫെഡറേഷന്റെ (ഫിക്കി) ബഹുനില കെട്ടിടത്തിലാണു മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. മ്യൂസിയം സ്ഥിതി ചെയ്യുന്ന ആറാം നിലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നേ മുക്കാലോടെയാണു തീപിടിച്ചത്. അപകടസമയത്ത് കെട്ടിടത്തില്‍ ആരുമുണ്ടായിരുന്നില്ല. സുരക്ഷാ ജീവനക്കാരാണ് അഗ്‌നിശമന സേനാവിഭാഗത്തെ വിവരം അറിയിച്ചത്.
മുകളിലത്തെ നിലയില്‍ നിന്ന് പടര്‍ന്ന തീ പിന്നീട് താഴത്തെ നിലകളിലേക്കും വ്യാപിക്കുകയായിരുന്നു. ഫിക്കിയുടെ വാടകക്കെട്ടിടത്തിലാണു കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള മ്യൂസിയം പ്രവര്‍ത്തിച്ചിരുന്നത്.
1972ലാണ് മ്യൂസിയം സ്ഥാപിച്ചത്. വ്യത്യസ്ത സസ്യജാലങ്ങള്‍, ജന്തു ജീവജാലങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയം രാജ്യത്തെ പ്രകൃതി വൈവിധ്യങ്ങള്‍ വിവരിക്കുന്നതിനാല്‍ തന്നെ വിദ്യാര്‍ഥികളടക്കമുള്ളവരുടെ ആകര്‍ഷണ കേന്ദ്രമായിരുന്നു.
മ്യൂസിയത്തില്‍ സ്റ്റഫ് ചെയ്തുവച്ച മൃഗങ്ങളുടെ മാതൃകകളും തടികളും തീ അതിവേഗം പടരാന്‍ കാരണമായിട്ടുണ്ടാവാമെന്ന് ഡെപ്യൂട്ടി ചീഫ് ഫയര്‍ ഓഫീസര്‍ രാജേഷ് പവാര്‍ പറഞ്ഞു. കെട്ടിടത്തിലെ അഗ്‌നിശമന സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല