സ്വന്തം ലേഖകന്‍: യുഎസില്‍ തോക്കു നിയന്ത്രണത്തിനുള്ള ജനകീയ ആവശ്യത്തിനെതിരെ കരുത്തരായ തോക്കു ലോബി രംഗത്തിറങ്ങുന്നു. സ്‌കൂള്‍ വെടിവയ്പ് രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്ന് യുഎസ് റൈഫിള്‍ അസോസിയേഷന്‍ ആരോപിച്ചു. ഡെമോക്രാറ്റുകളും മാധ്യമങ്ങളും ദുരന്തത്തെ പരമാവധി മുതലെടുക്കാനാണ് ശ്രമിക്കുന്നതെന്ന് യുഎസ് നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ (എന്‍ആര്‍എ) പ്രസിഡന്റ് വെയ്ന്‍ ലാപെറി പറഞ്ഞു.
യുഎസിലെ തോക്ക് കൈവശംവയ്ക്കാനുള്ള അവകാശം ഇല്ലാതാക്കാനും തോക്ക് നിയന്ത്രണം വര്‍ധിപ്പിക്കാനുമായി ഇവര്‍ ദുരന്തത്തെ ഉപയോഗിക്കുകയാണ്. ദുരന്തത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാന്‍ ഒരുനിമിഷംപോലും ഇവര്‍ അമാന്തം കാണിച്ചില്ലെന്നും ലാപെറി പറഞ്ഞു. യൂറോപ്യന്‍ രീതിയിലുള്ള സോഷ്യലിസ്റ്റുകളാണ് തോക്ക് നിയന്ത്രണത്തിനായി വാദിക്കുന്നത്. രാജ്യത്തെ നിയമങ്ങള്‍ പ്രവര്‍ത്തനക്ഷമം ആണോയെന്ന് ഇവര്‍ പരിശോധിക്കുന്നില്ല.
കൂടുതല്‍ നിയമങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളെ നിയന്ത്രണത്തിലാമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ഇവര്‍ എന്‍ആര്‍എയെ വെറുക്കുന്നു. യുഎസ് ഭരണഘടനയുടെ രണ്ടാം ഭേദഗതിയെ വെറുക്കുന്നു. ഇവര്‍ വ്യക്തിസ്വാന്ത്ര്യത്തെയും വെറുക്കുന്നു ലാപെറി പറഞ്ഞു. സ്‌കൂളുകളുടെ സുരക്ഷയും സുരക്ഷിതത്വവും ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സൗജന്യമായി എന്‍ആര്‍എ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോക്ക് കൈവശം വയ്ക്കാനുള്ള അവകാശമാണ് യുഎസ് ഭരണഘടനയുടെ രണ്ടാം ഭേദഗതിയിലൂടെ നല്‍കപ്പെട്ടിരിക്കുന്നത്.
നേരത്തെ കൂട്ടക്കൊലകള്‍ ഒഴിവാക്കാന്‍ യുഎസിലെ അധ്യാപകര്‍ക്കും തോക്കുകള്‍ നല്‍കണമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പരാമര്‍ശം വിവാദമായിരുന്നു. ട്രംപിന്റെ പരാമര്‍ശം യുക്തിരഹിതമാണെന്നായിരുന്നു വിമര്‍ശനങ്ങളില്‍ ഏറെയും. ഇതോടെ ട്വിറ്ററില്‍ ട്രംപ് വിശദീകരണവുമായി എത്തി. അധ്യാപകര്‍ തോക്ക് സൂക്ഷിക്കുന്നുണ്ടെന്നു മനസിലാക്കിയാല്‍ അക്രമി പിന്തിരിയുമെന്നായിരുന്നു ട്രംപിന്റെ വാദം. ഇതിനെതിരേയും ട്വിറ്ററില്‍ ട്രോളുകള്‍ ഉയരുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല