സ്വന്തം ലേഖകന്‍: രാജ്യവ്യാപകമായി പണിമുടക്ക് തുടങ്ങി, ജനജീവിതത്തെ ബാധിക്കുന്നു. 12 ഇന ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. തൊഴില്‍ നിയമ ഭേദഗതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുക എന്നതാണ് പണിമൂടക്കുന്ന സംഘടനകളുടെ പ്രധാന ആവശ്യം. അതേസമയം ബിഎംഎസ് പണിമുടക്കില്‍ നിന്ന് പിന്മാറി. നേരത്തെ പണിമുടക്ക് ഉപേക്ഷിക്കണമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ ആവശ്യപ്പെട്ടിരുനു.
24 മണിക്കൂര്‍ നീളുന്ന പണിമുടക്കിന് ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, ടിയുസിസി, എസ്ഇഡബ്‌ള്യുഎ, എഐസിസിടിയു, യുടിയുസി, എല്‍പിഎഫ് എന്നിവയാണു നേതൃത്വം നല്‍കുന്നത്.
അസംഘടിത മേഖലകളിലെ തൊഴിലാളികളുടേതടക്കം കുറഞ്ഞ വേതനം 15,000 രൂപയാക്കണമെനും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുന്നു.
കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളും സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതും പണിമുടക്കിലേക്ക് നയിച്ചതായി സമരസമിതി നേതാക്കള്‍ അറിയിച്ചു. റെയില്‍വേ ഒഴികയുള്ള എല്ലാ തൊഴില്‍ മേഖലകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ പണിമുടക്കില്‍ പങ്കെടുക്കില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ തൊഴിലാളിസംഘടനകള്‍ പണിമുടക്കില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ബിഎംഎസ് വ്യക്തമാക്കി. ട്രേഡ് യൂണിയനുകളുടെ 12 ഇന ആവശ്യങ്ങളില്‍ 9 എണ്ണത്തില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ ധാരണയുണ്ടായതായും ബാക്കി ചര്‍ച്ച നടക്കുകയാണെന്നും കേന്ദ്രതൊഴില്‍ മന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല