1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2012

അഫ്ഗാന്‍ താലിബാനും പാക് ചാരസംഘടനയായ ഐ.എസ്.ഐ.യും തമ്മിലുള്ള അവിശുദ്ധ ബന്ധം വെളിവാകുന്ന നാറ്റോയുടെ രഹസ്യ റിപ്പോര്‍ട്ട് പുറത്തുവന്നു. അഫ്ഗാനിസ്ഥാനില്‍ രാഷ്ട്രീയ പരിഹാരം വേണമെന്ന പാശ്ചാത്യരുടെ നിലപാടിനെ പരസ്യമായി അനുകൂലിക്കുകയും താലിബാനെ അധികാരത്തിലേറ്റാന്‍ രഹസ്യമായി ശ്രമിക്കുകയുമാണു പാക്കിസ്ഥാന്‍ ചെയ്യുന്നതെന്ന് നാറ്റോയുടെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. നാറ്റോ സേന അഫ്ഗാന്‍ വിടുമ്പോള്‍ അധികാരം പിടിക്കാന്‍ താലിബാന്‍ ഒരുക്കം നടത്തുകയാണ്.

താലിബാന്‍ നേതാക്കളുമായി ഐഎസ്ഐ നിരന്തര സമ്പര്‍ക്കത്തിലാണെന്നും ദ ടൈംസിനും ബിബിസിക്കും ചോര്‍ന്നുകിട്ടിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. പാക് വിദേശകാര്യമന്ത്രി റബ്ബാനി ഖാര്‍ കാബൂളില്‍ സന്ദര്‍ശനത്തിനെത്തിയ ദിവസമാണ് റിപ്പോര്‍ട്ടു ചോര്‍ന്നതെന്നതു ശ്രദ്ധേയമാണ്.

പിടിയിലായ നാലായിരത്തോളം അല്‍ക്വയ്ദ, താലിബാന്‍ തീവ്രവാദികളെ ചോദ്യം ചെയ്തതില്‍നിന്നു കിട്ടിയ വിവരങ്ങളെ അടിസ്ഥാനമാക്കി തയാറാക്കിയതാണ് ഈ റിപ്പോര്‍ട്ട്.ഐഎസ്ഐയുടെ സ്വാധീനത്തില്‍ നിന്നു രക്ഷപ്പെടാന്‍ താലിബാനു സാധിക്കില്ലെന്നു ബിബിസി അഭിപ്രായപ്പെട്ടു.

ഐ.എസ്.ഐ.യുടെ കെണിയില്‍പ്പെട്ട പ്രതീതി താലിബാന്റെ ഒരു വിഭാഗത്തിനുണ്ടെന്നും ആ സ്വാധീന വലയത്തില്‍ നിന്ന് രക്ഷപ്പെടാതെ വരുമോ എന്ന ആശങ്ക ഇവര്‍ക്കുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.ഇപ്പോഴത്തെ സര്‍ക്കാറിനേക്കാള്‍ താലിബാന്‍ അധികാരത്തിലേറുന്നതാണ് അഫ്ഗാനികളില്‍ ഏറെപ്പേരും ഇഷ്ടപ്പെടുന്നത്. അധികാര കേന്ദ്രങ്ങളിലെ അഴിമതിയാണിതിന് കാരണം. സഖ്യസേനയെ കഴിയുംവേഗത്തില്‍ പിന്‍വലിക്കുന്നതിന് ചില രഹസ്യതന്ത്രങ്ങളും അഫ്ഗാന്‍ താലിബാന്‍ അവലംബിക്കുന്നുണ്ട്-റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

നാറ്റോ റിപ്പോര്‍ട്ടിനെതിരെ പാകിസ്താന്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. ശുദ്ധ അസംബന്ധമാണിത്. സമാധാനവും സ്ഥിരതയുമുള്ള അഫ്ഗാനാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നത്. അതിനെതിരെയുള്ള ഒരു പ്രവൃത്തിയും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. പാക് വിദേശകാര്യ വക്താവ് അബ്ദുള്‍ ബാസിത് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.