സ്വന്തം ലേഖകന്‍: നാറ്റോ ചര്‍ച്ചകള്‍ക്കായി ട്രംപ് ബ്രസല്‍സില്‍, വരവേറ്റത് ട്രംപ് വിരുദ്ധരുടെ പ്രതിഷേധ പ്രകടനങ്ങള്‍,ഭീകരതയേയും അനധികൃത കുടിയേറ്റത്തേയും മുളയിലേ നുള്ളണമെന്ന് യൂറോപ്യന്‍ നേതാക്കളോട് ട്രംപിന്റെ ആഹ്വാനം. വ്യാഴാഴ്ചയാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി ട്രംപ് കൂടിക്കാഴച നടത്തിയത്. ഭീകരതയെ അതിന്റെ വഴിയില്‍ത്തന്നെ തടയണമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാറ്റോ യോഗത്തില്‍ പറഞ്ഞു.
മാഞ്ചെസ്റ്റര്‍ അരീനയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരെ സ്മരിച്ച് ഒരുമിനിറ്റ് മൗനമാചരിക്കാന്‍ അദ്ദേഹം യോഗത്തിനെത്തിയവരോട് ആഹ്വാനം ചെയ്തു. പ്രതിരോധ ആവശ്യങ്ങള്‍ക്കു വേണ്ടിവരുന്ന ചെലവ് നാറ്റോ അംഗങ്ങള്‍ മാന്യമായി പങ്കുവെയ്ക്കണമെന്നും ട്രംപ് യോഗത്തില്‍ ആവശ്യപ്പെട്ടു. വലിയതുക പലരാജ്യത്തിനും കടമുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ഇസ്ലാമിക് സ്റ്റേറ്റിനോട് പോരാടുന്ന യു.എസ്. സഖ്യത്തില്‍ ചേരണമെന്ന ട്രംപിന്റെ അഭ്യര്‍ഥന നാറ്റോ അംഗങ്ങള്‍ അംഗീകരിച്ചു. നിയന്ത്രണമില്ലാത്ത കുടിയേറ്റത്തിന്റെ അപകടവും റഷ്യയുടെ ഭീഷണിയും അദ്ദേഹം യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. യോഗത്തിനെത്തിയ പല യൂറോപ്യന്‍ നേതാക്കളെയും ട്രംപ് ആദ്യമായാണ് കാണുന്നത്. ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മക്രോണുമായി അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ച നടത്തി.
നാറ്റോയ്ക്കും യൂറോപ്യന്‍ യൂണിയനുമെതിരേ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം മുതല്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ട്രംപിന്റെ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ട്രംപ് തന്റെ നിലപാടുകളില്‍ നിന്ന് പിന്നോട്ടു പോകാന്‍ ഉദ്ദേശിക്കുന്നില്ല എന്നതിന്റെ സൂചനകള്‍ തന്നെയാണ് നാറ്റോ ചര്‍ച്ചയിലും പ്രകടമായത്. ബെല്‍ജിയത്തിലെത്തിയ ശേഷം അവിടത്തെ രാജാവും രാജ്ഞിയുമായുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ട്രംപ് നാറ്റോ ചര്‍ച്ചയ്‌ക്കെത്തിയത്.
നേരത്തെ ഇ.യു കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌കുമായും യൂറോപ്യന്‍ പാര്‍ലന്മെന്റ് പ്രസിഡന്റ് അന്റോണിയോ താജാനിയുമായും നയതന്ത്ര മേധാവി ഫെഡറിക മൊഗരിനിയുമായും ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ച വിജയകരമായിരുന്നുവെന്നും ബ്രിട്ടന്‍ ഇ.യുവില്‍നിന്ന് പുറത്തുപോകുന്നത് രണ്ടു പേര്‍ക്കും ഒരുപോലെ ഗുണകരമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. സമ്മേളനത്തില്‍ ഐ.എസിനെതിരെ അന്താരാഷ്ട്ര സഖ്യം രൂപവത്കരിക്കുമെന്ന് ഇ.യു സെക്രട്ടറി ജനറല്‍ ജീന്‍സ് സ്‌റ്റോള്‍ട്ടന്‍ ബര്‍ഗ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല