സ്വന്തം ലേഖകൻ: ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൻ്റെ മനസാക്ഷിയ്ക്ക് മുന്നിലൂടെ തലങ്ങും വിലങ്ങും പാഞ്ഞത് രണ്ട് ബസുകളാണ്. ബേബി ഗിരീഷ് എന്ന അംഗപരിമിതനായ സംരഭകൻ്റെ റോബിൻ ബസും സർക്കാരിൻ്റെ ജനസമ്പർക്ക പരിപാടിയായ നവകേരള സദസിൻ്റെ ആഡംബര ബസും.
സാധാരണക്കാരനും അംഗപരിമിതനുമായ സംരഭകൻ തന്റെ സമ്പാദ്യവും ബാങ്ക് ലോണുമൊക്കെയെടുത്താണ് റോബിൻ ബസ് വാങ്ങി നിരത്തിൽ ഇറക്കുന്നതെങ്കിൽ നാട്ടുകാരുടെ നികുതിപ്പണം ഉപയോഗിച്ച് വിവാദങ്ങളുൽ വാദപ്രതിവാദങ്ങളുമായാണ് നവകേരള ആഡംബര ബസ് വാങ്ങുന്നത്. റോബിൻ ബസ് സർക്കാർ ഉദ്യോഗസ്ഥർ വഴിനീളെ തടഞ്ഞ് ഫൈൻ നൽകുകയാണെങ്കിൽ നവകേരള ആഡംബര ബസിന് ഉദ്യോഗസ്ഥർ വഴിനീളെ സല്യൂട്ട് നൽകുകയാണ് ചെയ്യുന്നതെന്നാണ് പ്രധാന വ്യത്യാസം.
കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ച് മണിക്ക് സർവീസ് ആരംഭിച്ച റോബിൻ ബസിനെ പുറപ്പെട്ട് 200 മീറ്റർ പിന്നിട്ടപ്പോഴേക്കും പത്തനംതിട്ടയിൽ വച്ച് എം വി ഡി തടയുകയായിരുന്നു. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപയാണ് പിഴ ചുമത്തിയത്. ചലാന്‍ നല്‍കിയെങ്കിലും എംവിഡി ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചെടുത്തില്ല. ‘റോബിൻ ബസിനെ’ നിയമ ലംഘനം ചൂണ്ടിക്കാട്ടി മുമ്പ് രണ്ടുതവണ എംവിഡി പിടികൂടിയിരുന്നു.
പരിശോധനാവേളയില്‍ ബസിന് ചുറ്റുംചേര്‍ന്ന നാട്ടുകാര്‍ എം.വി.ഡിയെ അതിരൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഒരുത്തന്‍ അരി മേടിക്കാന്‍ ഇറങ്ങുമ്പോള്‍ നിങ്ങള്‍ അരി വറുക്കാന്‍ നടക്കുകയാണോ എന്നുമായിരുന്നു ഒരാളുടെ ചോദ്യം. കാര്യമുണ്ടായിട്ടാണ് പരിശോധനയെന്നും എം.വി.ഡി. പരിശോധനയില്‍ ഇടപെടാതിരിക്കൂ എന്നുമായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം.
മോട്ടോർ വാഹന വകുപ്പിട്ട പിഴ അടയ്ക്കില്ലെന്ന് റോബിൻ ബസുടമ ഗിരിഷ്. ‘റോബിൻ’ ബസിന് മുന്നിലുള്ള കെഎസ്ആർടിസി സർവീസ് നടത്തുന്നത് നിയമ വിരുദ്ധമാണ്. അർബൻ സർവീസിന് അനുവദിച്ച കെഎസ്ആർടി ബസാണിത്. പത്തനംതിട്ടയിൽ മാത്രമേ ഓടാൻ അനുമതിയുള്ളൂ. ആ ബസാണ് അന്തർസംസ്ഥാന സർവീസ് നടത്തുന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കോടതിയിൽ നിയമ പോരാട്ടം നടത്തുമെന്നും ഗിരീഷ് പറഞ്ഞു.
റോബിൻ ബസിനെ വെട്ടാൻ ഇറക്കിയ കെഎസ്ആർടിസി എസി ലോ ഫ്ലോർ ബസ് ആണ് സർവീസ് ആരംഭിച്ചത്. റോബിന്റെ അതേ റൂട്ടിൽ അരമണിക്കൂർ മുൻപേ പത്തനംതിട്ടയിൽ നിന്നാണ് പുതിയ സർവീസ് തുടങ്ങിയത്. അതേസമയം റോബിൻ ബസിന്റെ രണ്ടാം ദിവസത്തെ സർവീസ് പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ടിരുന്നു.
എത്ര പിഴ ഇട്ടാലും യാത്ര തുടരുമെന്നാണ് നടത്തിപ്പുകാർ പറഞ്ഞത്. കെഎസ്ആർടിസിയുടെ ബദൽ സർവീസ് കാര്യമാക്കുന്നില്ലെന്നും റോബിൻ ബസ് ജീവനക്കാർ പറയുന്നു. കഴിഞ്ഞ ദിവസമാണ് റോബിന് തമിഴ്‌നാട്ടിലും വന്‍ പിഴ ഈടാക്കിയിരുന്നു. തമിഴ്‌നാട്ടിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ ചാവടി ചെക്‌പോസ്റ്റില്‍ എഴുപതിനായിരത്തി നാനൂറ്റി പത്ത് രൂപയാണ് ഈടാക്കിയത്. അനുമതി ഇല്ലാതെ യാത്ര നടത്തിയതിനാണ് ഇരട്ടി പിഴ ഈടാക്കിയത്.
വാളയാറില്‍ നിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന സമയത്തായിരുന്നു ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പിഴയൊടുക്കിയതിനാല്‍ നവംബര്‍ 24 വരെ ബസിന് തമിഴ്‌നാട്ടില്‍ സര്‍വ്വീസ് നടത്താം. പത്തനംതിട്ടയില്‍ നിന്നും പുലര്‍ച്ചെ സര്‍വ്വീസ് ആരംഭിച്ച ബസ് മോട്ടോര്‍ വാഹന വകുപ്പ് പലയിടങ്ങളില്‍ വെച്ച് തടഞ്ഞിരുന്നു.
സർക്കാരിൻ്റെ പ്രതികാര മനോഭാവമാണെന്നുള്ള വിമർശനവും മറുവശത്ത് ശക്തമാകുകയാണ്. ഉദ്യോഗസ്ഥരെ കൂവി വിളിച്ച് നാട്ടുകാർ പ്രതിഷേധം അറിയിക്കുകയും ചെയ്തു. എന്തായാലും പിഴ അടക്കില്ലെന്നും കോടതിയിൽ നിയമപോരാട്ടത്തിന് തന്നെയാണ് താൻ ഒരുങ്ങുന്നതെന്നും ഉടമ ബേബി ഗിരീഷ് തറപ്പിച്ച് പറയുന്നു.
ഏതായാലും ദീർഘമായ നിയമയുദ്ധമാണ് റോബിൻ ബസിനും ഗിരീഷിനും മുന്നിലുള്ളത്. ഇതിനകം തന്നെ കേരള, തമിഴ്‌നാട് സർക്കാരുകൾ പിഴയിട്ട ഗിരീഷിന് ഈ നിയമപോരാട്ടത്തിൽ കടുത്ത സാമ്പത്തിക ബാധ്യതയും കാത്തിരിക്കുന്നു. അതിനാൽ സമാനഹൃദയർക്ക് ഒരു രൂപ മുതൽ സംഭാവന നൽകി ഗിരീഷിൻ്റെ ഈ നിയമപോരാട്ടത്തിന് പിന്തുണ നൽകി ഒപ്പം നിൽക്കാം. ഗിരീഷിൻ്റെ ബാങ്ക് അക്കൗണ്ട് ക്യു ആർ കോഡ് താഴെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല