മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ് നവ്യ നായര്‍. ഷൈജു അന്തിക്കാടിന്റെ ‘സീന്‍ ഒന്ന് നമ്മുടെ വീട്’ എന്ന ചിത്രത്തിലൂടെയാണ് നവ്യ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അഭിനയം നിര്‍ത്തിപ്പോവുകയാണെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് നവ്യ. കുഞ്ഞിന് ഒന്നര വയസ്സായി. അഭിനയിക്കാന്‍ ഭര്‍ത്താവിന്റെ പ്രോത്സാഹനവുമുണ്ട്. നല്ല കഥാപാത്രം തേടി വരികയാണെങ്കില്‍ ഇനിയും അഭിനയിക്കുമെന്ന് നടി പറയുന്നു.
സീന്‍ ഒന്ന് നമ്മുടെ വീട്ടില്‍ ലാല്‍ ആണ് നായകന്‍. സിനിമാസംവിധായകനാവാന്‍ ജീവിതം ഉഴിഞ്ഞു വച്ചയാളാണ് ലാല്‍ അവതരിപ്പിക്കുന്ന ഒറ്റപ്പാലം ഉണ്ണി. ഉണ്ണിയുടെ ഭാര്യയായ മഞ്ജുവായാണ് നവ്യ വേഷമിടുന്നത്. ഏറെക്കാലം കാത്തിരുന്നിട്ടും സ്വന്തമായി ഒരു ചിത്രം ചെയ്യാന്‍ കഴിയാത്തതിന്റെ വിഷമം ഉണ്ണിയ്ക്കുണ്ട്. സ്‌കൂള്‍ അധ്യാപികയായ ഭാര്യയുടെ കുറ്റപ്പെടുത്തല്‍ വേറെയും.
ഇതിനിടയിലാണ് പ്രശസ്ത നിര്‍മ്മാതാവായ കെകെ സാര്‍ ഒരു ചിത്രം ചെയ്യാനുള്ള അവസരവുമായി ഉണ്ണിയെ സമീപിക്കുന്നത്. അങ്ങനെ ഉണ്ണി തന്റെ ചിത്രം തുടങ്ങുന്നു. എന്നാല്‍ ഷൂട്ടിങ്ങിനിടയില്‍ ഒരപകടത്തില്‍ ഉണ്ണി കൊല്ലപ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. തിലകന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല