സ്വന്തം ലേഖകൻ: പാക്കിസ്ഥാന്‍ സൈനിക മേധാവിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മുൻ പാക്ക് പ്രധാനമന്ത്രിയും പാക്കിസ്ഥാൻ മുസ്ലിം ലീഗ്(എൻ) നേതാവുമായ നവാസ് ഷെരീഫ്. 2018 തിരഞ്ഞെടുപ്പിൽ തന്റെ സർക്കാരിനെ അട്ടിമറിച്ച് ഇമ്രാൻ ഖാന്റെ സർക്കാരിനെ പ്രതിഷ്ഠിച്ചത് സൈന്യമാണെന്നാണ് സൈനിക മേധാവി ജാവേദ് ബജ്‌വയ്ക്കെതിരെ ഷെറീഫിന്റെ വിമർശനം. ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തെ ലണ്ടനിൽനിന്ന് വിഡിയോ ലിങ്ക് വഴി അഭിസംബോധന ചെയ്യവേയാണ് നവാസ് ഷെരീഫിന്റെ പരാമർശം.
“ജനറൽ ഖമർ ജാവേദ് ബജ്‌വ, നന്നായി ഭരണം നടത്തിക്കൊണ്ടിരുന്ന ഞങ്ങളുടെ സർക്കാരിനെ നിങ്ങൾ പുറത്താക്കി. എന്നിട്ട് ദേശത്തെയും രാജ്യത്തെയും നിങ്ങളുടെ താൽപര്യങ്ങൾക്കനുസൃതമാക്കി മാറ്റി,” ഷെരീഫ് പറഞ്ഞു. ഐഎസ്ഐ മേധാവിയും തന്റെ സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന് മുൻ പ്രധാനമന്ത്രി ആരോപിച്ചു.
ഇമ്രാൻ ഖാൻ സർക്കാരിനെ അട്ടിമറിക്കുന്നതിനായി ഒൻപത് പ്രധാന പ്രതിപക്ഷ പാർട്ടികൾ പാക്കിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റ് എന്ന മുന്നണിയുണ്ടാക്കിയാണ് പ്രതിഷേധം നടത്തുന്നത്. പ്രധാന പ്രതിപക്ഷ പാർട്ടിയായ പാക്കിസ്ഥാൻ മുസ്ലിം ലീഗ്– നവാസിന്റെ (പിഎംഎൽ–എൻ) നേതാവ് നവാസ് ഷെരീഫ് ഇപ്പോൾ ലണ്ടനിലാണ്.
2017 ൽ അധികാരത്തിൽനിന്നു പുറത്താക്കപ്പെട്ട നവാസ് ഷെരീഫും മകൾ മറിയവും മകളുടെ ഭർത്താവ് സഫ്ദറും വിവിധ അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ടെങ്കിലും ജാമ്യത്തിലാണ്. നാലാഴ്ച ചികിത്സയ്ക്കായി കോടതി അനുമതിയോടെ രാജ്യം വിട്ട അദ്ദേഹം കഴിഞ്ഞ നവംബർ മുതൽ ലണ്ടനിലാണു താമസം.
നേരത്തെയും വിഡിയോ ലിങ്കു വഴി ഇമ്രാൻ ഖാനും സൈനിക മേധാവിക്കുമെതിരെ വിമർശനവുമായി ഷരീഫ് രംഗത്തുവന്നിട്ടുണ്ട്. 2018ലെ തിരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയ ഇമ്രാനെ അധികാരത്തിലെത്തിക്കാൻ പിന്തുണച്ച സൈനികനേതൃത്വം രാജ്യത്തിന്റെ നാശത്തിനു വഴിയൊരുക്കിയെന്നാണ് കഴിഞ്ഞ മാസം പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) സംഘടിപ്പിച്ച ഐക്യ പ്രതിപക്ഷ സമ്മേളനത്തിൽ വിഡിയോ ലിങ്ക് വഴി പങ്കെടുത്ത അദ്ദേഹം പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല