സ്വന്തം ലേഖകന്‍: നാടുവിട്ടോടാന്‍ തയ്യാറില്ല; അഴിമതി കേസുകളുടെ വിചാരണക്കായി നവാസ് ഷെരീഫ് പാകിതാനില്‍ തിരിച്ചെത്തി. അര്‍ബുദ ചികില്‍സയ്ക്കായി യുകെയില്‍ തങ്ങുന്ന ഭാര്യയെ കാണാനെന്ന പേരില്‍ കഴിഞ്ഞ ദിവസം മകളോടൊപ്പം പാകിസ്താന്‍ വിട്ട ഷരീഫ് ഇനി മടങ്ങാന്‍ സാധ്യതയില്ലെന്നു നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.
മൂന്ന് അഴിമതിക്കേസുകളില്‍പെട്ട ഷരീഫിനു രാജ്യത്തെ സുപ്രധാന സ്ഥാനങ്ങളിലേക്കു മല്‍സരിക്കുന്നതിനും പൊതുപദവികള്‍ വഹിക്കുന്നതിനും ആജീവനാന്ത വിലക്ക് സുപ്രീം കോടതി ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഒരളവില്‍ ഷരീഫിന്റെ രാഷ്ട്രീയഭാവിയുടെ അവസാനം കുറിക്കുന്ന വിധിയായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ഇനി ഷരീഫ് കേസുകളുടെ വിചാരണയ്ക്കായി മടങ്ങിവരാന്‍ സാധ്യതയില്ലെന്നു വിലയിരുത്തപ്പെട്ടത്.
മകള്‍ മറിയത്തോടൊപ്പം മടങ്ങിയെത്തിയ ഷരീഫിന്റെ സാന്നിധ്യത്തില്‍ ഇന്നലെ ഒരു കേസില്‍ വിചാരണ ആരംഭിച്ചെങ്കിലും മുഖ്യസാക്ഷി ഹാജരാകാതിരുന്നതിനാല്‍ കോടതി ഇന്നത്തേക്കു മാറ്റി. ഇതിനിടെ, ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ പാക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നടപടിയെ ഷരീഫ് വിമര്‍ശിച്ചു. ഏകാധിപത്യ പ്രവണതയാണു ചീഫ് ജസ്റ്റിസ് സഖിബ് നിസാറിന്റേതെന്ന് അദ്ദേഹം ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല