സ്വന്തം ലേഖകന്‍: പനാമ അഴിമതി കേസില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കുറ്റക്കാരനെന്ന് പാകിസ്താന്‍ സുപ്രീം കോടതി, ഷെരീഫ് രാജിവച്ചു, സഹോദരന്‍ ഷഹ്ബാസ് ഷെരീഫ് പ്രധാനമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. പനാമ അഴിമതിക്കേസില്‍ നവാസ് ഷെരീഫ് കുറ്റക്കാരനെന്ന് കണ്ടെത്തിയ സുപ്രീം കോടതി അദ്ദേഹത്തോട് രാജി വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് രാജി.
ഷെരീഫിന്റെ നിയമസഭാ സീറ്റ് റദ്ദാക്കാനും കോടതി തെരഞ്ഞടുപ്പ്കമ്മീഷനോട്ആവശ്യപ്പെട്ടിരുന്നു. ദുബൈയിലെ കാപിറ്റല്‍ എഫ്.ഇസഡ്.ഇ കമ്പനിയില്‍ ഷെരീഫിന് പങ്കുള്ള കാര്യം നാമനിര്‍ദേശ പത്രികയില്‍ കാണിച്ചിട്ടില്ലെന്നും അതിനാല്‍ അദ്ദേഹം സത്യസന്ധനല്ലെന്നും നിരീക്ഷിച്ചാണ് സീറ്റ് റദ്ദാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. അഞ്ചംഗ ബഞ്ച് എകകണ്ഠമായാണ് വിധി പുറപ്പെടുവിച്ചത്.
ഷെരീഫിനെതിരെ അന്വേഷണം നടത്തിയ സംയുക്ത അന്വേഷണ സമിതി ശേഖരിച്ച രേഖകള്‍ ആറ്ആഴ്ചക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കെ ഷെരീഫും കുടുംബാംഗങ്ങളും വിദേശത്ത് അനധികൃതമായി സമ്പാദിച്ച സ്വത്തുവിവരങ്ങളാണ് പാനമരേഖകളിലൂടെ പുറത്തുവന്നത്. മൊസാക് ഫൊന്‍സെക എന്ന സ്ഥാപനം വഴി ഷെരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം.
നാല് ആഡംബര ഫ്‌ലാറ്റുകള്‍ ലണ്ടനില്‍ ഷെരീഫിനുണ്ട്. ഷെരീഫിനെതിരെ കേസെടുക്കണമെന്നും അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് താരവും തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാന്‍ നല്‍കിയ പരാതിയിലാണ്‌വിധി വന്നത്. നവാസ് ഷെരീഫിന്റെ ഇളയ സഹോദരന്‍ ഷഹ്ബാസ് ഷെരീഫ് പാകിസ്താനിലെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയാണ് ഷഹ്ബാസ്.
പാകിസ്താന്‍ മുസ്‌ലിം ലീഗ് നവാസ് (പി.എം.എല്‍ എന്‍) ഉന്നതതല യോഗമാണ് ഷഹ്ബാസ് ഷെരീഫിനെ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചതെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പി.എം.എല്‍ എന്‍ ഉടന്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും 2018 ല്‍ അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ ഷഹ്ബാസ് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധിയുണ്ടായാല്‍ പാക് സൈന്യം അട്ടിമറി നടത്തി അധികാരം പിടിച്ചെടുക്കാന്‍ സജ്ജമാണെന്ന വാര്‍ത്തകളും പാകിസ്താനില്‍ നിന്ന് പുറത്തുവരുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല