സ്വന്തം ലേഖകന്‍: പാകിസ്താനില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാവി സുപ്രീം കോടതിയുടെ കൈയ്യില്‍, പാനമ അഴിമതി കേസില്‍ വിധി ഇന്ന്. പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫിനും കുടുംബാംഗങ്ങള്‍ക്കുമെതിരായ പാനമ അഴിമതിക്കേസില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ഷരീഫിന്റെയും രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ അനന്തരാവകാശിയായി കരുതുന്ന മകള്‍ മറിയത്തിന്റെയും ഭാവി നിര്‍ണയിക്കുന്ന കേസില്‍ ജസ്റ്റിസ് ഇജാസ് അഫ്‌സല്‍ ഖാന്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.
ഷരീഫിനെ കോടതി അയോഗ്യനാക്കിയാല്‍ പാക്കിസ്ഥാന്‍ ഉപതിരഞ്ഞെടുപ്പിലേക്കു നീങ്ങിയേക്കാം. ഈ സാഹചര്യത്തില്‍ സൈനിക നേതൃത്വം കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും ജനാധിപത്യ സംവിധാനം ദുര്‍ബലമായേക്കുമെന്നും വിലയിരുത്തപ്പെടുന്നു. തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കേ ഷരീഫ് നടത്തിയ അഴിമതികളെക്കുറിച്ചുള്ള വിവരങ്ങളാണു പാനമ രേഖകളിലൂടെ പുറത്തുവന്നത്.
കള്ളപ്പണ ഇടപാട് നടത്തിയില്ലെന്നു പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്ന പരാതിയിലാണു വിധി. ഷെരീഫിനെതിരെ മുന്‍ ക്രിക്കറ്റ് താരവും പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാനാണു പരാതി നല്‍കിയത്. തുടര്‍ന്ന് സുപ്രീം കോടതി നിയമിച്ച സംയുക്ത അന്വേഷണസമിതി ഷരീഫിന്റെ ലണ്ടനിലെ സ്വത്തുക്കള്‍ പരിശോധിക്കുകയും ഷെരീഫിന്റെ മകള്‍ മറിയം വ്യാജരേഖകള്‍ സൃഷ്ടിച്ചതായും സ്വത്തുവിവരം മറച്ചുവച്ചതായും കണ്ടെത്തുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല