സ്വന്തം ലേഖകന്‍: പാകിസ്താന്റെ ഭരണചക്രം ഭാര്യയെ ഏല്‍പ്പിക്കാനുള്ള കരുനീക്കവുമായി നവാസ് ഷെരീഫ്. പനാമ രേഖകളില്‍ കുടുങ്ങി പ്രധാനമന്ത്രി പദം രാജിവയ്‌ക്കേണ്ടി വന്ന സാഹചര്യത്തില്‍ ഭരണം ഭാര്യയെ ഏല്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് നവാസ് ഷെരീഫെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സും നവാസ് പാര്‍ലമെന്റിലേയ്ക്ക് ലാഹോര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നവാസ് ഷെരീഫിന്റെ രാഷ്ട്രീയകാര്യ സെക്രട്ടറി ഡോ.ആസിഫ് കര്‍മാനി വ്യക്തമാക്കി.
പാകിസ്ഥാന്‍ ഭരണഘടന പ്രകാരം പാക് പാര്‍ലമെന്റായ ദേശീയ അസംബ്ലിയില്‍ അംഗമല്ലാത്ത ആള്‍ക്ക് പ്രധാനമന്ത്രിയാകാന്‍ കഴിയില്ല. ഇതിനാലാണ് ലാഹോറില്‍ മത്സരിക്കാന്‍ തീരുമാനം. നവാസ് ഷെരീഫിന്റെ മണ്ഡലമാണ് ഇത്. നവാസ് ഷെരീഫിന് പ്രധാനമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന സാഹചര്യത്തില്‍ പകരക്കാരായി അദ്ദേഹത്തിന്റെ ഇളയസഹോദരനും പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയുമായ ഷഹബാസ് ഷെരീഫ് ലാഹോറില്‍ മത്സരിച്ച് പ്രധാനമന്ത്രിയാകുമെന്നായിരുന്നു നേരത്തെ പുറത്തു വന്ന വാര്‍ത്തകള്‍.
എന്നാല്‍ തന്റെ ഭാര്യയെ തന്നെ മത്സരിപ്പിച്ച് പ്രധാനമന്ത്രിസ്ഥാനത്ത് എത്തിക്കാനാണ് ഷെരീഫിന്റെ നിലവിലെ നീക്കമെന്നാണ് സൂചന. നവാസ് ഷെരീഫ് പ്രധാനമന്ത്രിപദം രാജിവെച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ പെട്രോളിയും വകുപ്പ് മന്ത്രിയായിരുന്ന ഷാഹിദ് ഖാന്‍ അബ്ബാസി ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റിരുന്നു. പുതിയ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതു വരെ അബ്ബാസി ചുമതലയില്‍ തുടരും.
തൊണ്ടയില്‍ ബാധിച്ച ക്യാന്‍സര്‍ രോഗത്തിന് ഇപ്പോള്‍ ലണ്ടനില്‍ ചികിത്സ തേടുകയാണ് കുല്‍സും. സെപ്റ്റംബര്‍ 17നാണ് ലാഹോര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രിയായുള്ള തന്റെ ആദ്യകാലഘട്ടത്തില്‍ അനധികൃത സ്വത്ത് ബന്ധുക്കളുടെ പേരില്‍ സമ്പാദിച്ചുവെന്നും ഇക്കാര്യത്തില്‍ പാകിസ്താന്‍ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്നുള്ള കേസില്‍ സുപ്രിം കോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് പാകിസ്താന്‍ മുസ്‌ലീം ലീഗ് – നവാസ് (പിഎംഎല്‍ എന്‍) നേതാവ് നവാസ് ഷെരീഫിന് പ്രധാനമന്ത്രിസ്ഥാനത്ത് നിന്ന് രാജിവയ്‌ക്കേണ്ടി വന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല