സ്വന്തം ലേഖകന്‍: അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത നവാസ് ഷെരീഫിനും മകള്‍ മറിയത്തിനും റാവല്‍പിണ്ടി ജയിലില്‍ ബി ക്ലാസ് സൗകര്യം; ടെലിവിഷന്‍, എസി, ഫ്രിഡ്ജ്, ദിനപ്പത്രം എന്നിയും നല്‍കും. റാവല്‍പിണ്ടിയിലെ അഡ്യാല ജയിലിലേക്ക് കനത്ത പോലീസ് അകമ്പടിയോടെ പ്രത്യേകം സായുധവാഹനങ്ങളിലായിരുന്നു നവാസ് ഷെരീഫിനെയും മകളെയും എത്തിച്ചത്. പിന്നീട് ഇരുവരേയും ജയില്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കി.
ഇരുവര്‍ക്കും ബി ക്ലാസ്സ് സൗകര്യമാണ് നല്‍കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അതുകൊണ്ടു തന്നെ ഇവര്‍ക്ക് ടെലിവിഷന്‍, എസി, ഫ്രിഡ്ജ്, ദിനപ്പത്രം എന്നീ സൗകര്യങ്ങള്‍ ലഭ്യമാക്കും. ഉയര്‍ന്ന പദവിയും വിദ്യാഭ്യാസവും ഉള്ളവരെയാണ് സാധാരണഗതിയില്‍ എ, ബി ക്ലസ്സുകളില്‍ പെടുത്തുന്നത്. ഇവര്‍ക്ക് സി ക്ലാസ്സില്‍ പെടുന്ന തടവുകാരേക്കാള്‍ മികച്ച പരിഗണനയ്ക്ക് അര്‍ഹതയുണ്ട്. താഴ്ന്ന ക്ലാസ്സുകളില്‍ പെടുന്ന തടവുകാര്‍ക്ക് ക്ലാസ്സെടുക്കുക ഉള്‍പ്പെടെയുള്ള ജോലികളാണ് നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളത്.
മറിയത്തെ സബ്ജയിലായി പ്രഖ്യാപിച്ചിരിക്കുന്ന സിഹാളാ റെസ്റ്റ് ഹൗസിലേക്ക് പിന്നീട് മാറ്റും. അഴിമതി കേസില്‍ പത്തും ഏഴും വര്‍ഷമാണ് ഇരുവര്‍ക്കും കിട്ടിയിരിക്കുന്ന തടവ് ശിക്ഷ. ഇരുവരേയും ലണ്ടനില്‍ നിന്നുള്ള വിമാനയാത്രാമദ്ധ്യേ തന്നെ അറസ്റ്റ് ചെയ്യാന്‍ ആയിരുന്നു പാകിസ്താന്‍ ആദ്യം ഉദ്ദേശിച്ചിരുന്നത്. വിമാനത്തില്‍ നിന്നും ഹെലികോപ്റ്ററിലേക്ക് മാറ്റാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് അതുപേക്ഷിച്ചു.
ഉദ്ദേശിച്ചിരുന്നതിലും മൂന്ന് മണിക്കൂര്‍ വൈകി രാത്രി 9.15 നാണ് വിമാനം ലാഹോറിലെ അലാമാ ഇഖ്ബാല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഷെരീഫും മകളും യാതൊരു എതിര്‍പ്പും കൂടാതെ കീഴടങ്ങുകയായിരുന്നു. പിന്നീട് പ്രത്യേക വിമാനത്തില്‍ ഇസ്ലാമാബാദിലേക്ക് കൊണ്ടുവന്നു. ലണ്ടനിലെ അവന്‍ ഫീല്‍ഡില്‍ നാല് ആഡംബര ഫ്‌ലാറ്റുകള്‍ സ്വന്തമാക്കി എന്നതാണ് നവാസ് ഷെരീഫിന്റെയും മരിയത്തിന്റെയും ഭര്‍ത്താവ് ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദറിന്റെയും പേരില്‍ ചുമത്തിയിരിക്കുന്ന കുറ്റം. മുഹമ്മദ് സഫ്ദറിനെ കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല