സ്വന്തം ലേഖകന്‍: അഴിമതിക്കേസില്‍ ശിക്ഷ കിട്ടിയ നവാസ് ഷെരീഫിന്റേയും മകളുടേയും അറസ്റ്റ് ഉടനെന്ന് പാക് മന്ത്രി. പാനമ പേപ്പേഴ്‌സ് പുറത്തുവിട്ട അഴിമതിക്കേസില്‍ സുപ്രീം കോടതി 10 വര്‍ഷം തടവിനു ശിക്ഷിച്ച മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനേയും മകള്‍ മറിയത്തിനേയും ലണ്ടനില്‍നിന്ന് മടങ്ങിയെത്തിയാലുടന്‍ വിമാനത്താവളത്തില്‍വെച്ചുതന്നെ അറസ്റ്റു ചെയ്യാനാണ് പദ്ധതിയെന്ന് നിയമമന്ത്രി അലി സഫര്‍ പറഞ്ഞു. കോടതിയുത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താനിലേക്ക് മടങ്ങുന്ന വിമാനത്തിന്റെ വിവരങ്ങളെല്ലാം മറിയം കഴിഞ്ഞ ദിവസം പാക് മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെച്ചിരുന്നു. ഇ.വൈ243 ഇത്തിഹാദ് എയര്‍വേസ് വിമാനത്തില്‍ വെള്ളിയാഴ്ച വൈകീട്ട് 6.15 ഓടെ രാജ്യത്ത് മടങ്ങിയെത്തുമെന്നാണ് അവര്‍ പറഞ്ഞത്. വെള്ളിയാഴ്ച ലാഹോര്‍ വിമാനത്താവളത്തില്‍വെച്ച് ഷരീഫിനെയും മകളെയും അറസ്റ്റു ചെയ്യുമെന്ന് നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയും (എന്‍.എ.ബി) വ്യക്തമാക്കിയിരുന്നു.
മറിയത്തിന് ഏഴു വര്‍ഷം കഠിന തടവാണ് കോടതി വിധിച്ചത്. ഒരു വര്‍ഷമായി എന്‍.എ.ബിയുമായി അന്വേഷണത്തില്‍ സഹകരിക്കാത്തതിനും പിതാവ് അനധികൃത സ്വത്ത് സമ്പാദനം മറച്ചുവെച്ചതിനുമാണ് അവരെ ശിക്ഷിച്ചത്. അര്‍ബുദബാധിതയായി ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ കുല്‍സൂമിന്റെ അടുത്താണ് ഇപ്പോള്‍ ഷരീഫും മറിയവുമുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല