സ്വന്തം ലേഖകന്‍: പാക് കോടതിയെ വെല്ലിവിളിച്ച് നവാസ് ഷരീഫിന്റെ മകള്‍ മറിയം; ഷെരീഫിനൊപ്പം പാകിസ്താനിലേക്ക് തിരിച്ചെത്തുമെന്നും പ്രഖ്യാപനം. പാക് അഴിമതി വിരുദ്ധ കോടതിയുടെ വിധിയെ ചോദ്യം ചെയ്ത മറിയം മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫിനേയും കൂട്ടി ജൂലൈ 13ന് പാകിസ്താനിലേക്ക് തിരികെയെത്തുമെന്നും ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. വിധിയെ നിയമപരമായിത്തന്നെ നേരിടാനാണു തീരുമാനം. വിധിയുടെ നിയമവശങ്ങളെപ്പറ്റി പഠിച്ചു കൊണ്ടിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
പാനമ രേഖകളിലൂടെ പുറത്തുവന്ന അഴിമതിക്കേസില്‍ നവാസ് ഷരീഫിനെ കഴിഞ്ഞ ദിവസം പത്തു വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. 80 ലക്ഷം പൗണ്ട് (ഏകദേശം 73.07 കോടി രൂപ) പിഴ ശിക്ഷയും കോടതി വിധിച്ചു. കൂട്ടുപ്രതികളായ മകള്‍ മറിയം ഏഴു വര്‍ഷവും മരുമകന്‍ ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദര്‍ ഒരു വര്‍ഷവും തടവുശിക്ഷ അനുഭവിക്കണം. മറിയത്തിന് 20 ലക്ഷം പൗണ്ട് (ഏകദേശം 18.26 കോടി രൂപ) പിഴയും വിധിച്ചിട്ടുണ്ട്.
പാക്കിസ്ഥാനില്‍ 25ന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു വന്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിധി. മറിയം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുകയായിരുന്നു. അര്‍ബുദ ബാധിതയായി ലണ്ടനില്‍ ചികില്‍സയില്‍ കഴിയുന്ന ഭാര്യ കുല്‍സൂം നവാസിനൊപ്പമാണ് നവാസ് ഷരീഫും മക്കളും ഇപ്പോഴുള്ളത്. പാനമ രേഖകളിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നവാസ് ഷരീഫിനെതിരെ പാക്കിസ്ഥാനിലെ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍എബി) റജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളില്‍ ഒന്നായ അവാന്‍ഫീല്‍ഡ് ഹൗസ് കേസിലായിരുന്നു കഴിഞ്ഞ ദിവസത്തെ വിധി.
ലണ്ടനിലെ സമ്പന്നമേഖലയില്‍ നാലു ഫ്‌ലാറ്റുകള്‍ സ്വന്തമാക്കിയെന്നാണു കേസ്. പണത്തിന്റെ സ്രോതസ് ഹാജരാക്കാന്‍ ഷരീഫിനു കഴിഞ്ഞിരുന്നില്ല. പാനമ രേഖകളുടെ അടിസ്ഥാനത്തില്‍ പാക്ക് സുപ്രീം കോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് 2017 ജൂലൈയിലാണു ഷരീഫ് പ്രധാനമന്ത്രിപദം ഒഴിഞ്ഞത്. തി!രഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് ആജീവനാന്ത വിലക്കുണ്ട്. അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലും ഷെരീഫിനു പുറമെ ആണ്‍മക്കളായ ഹുസൈന്‍, ഹസന്‍, മകള്‍ മറിയം, മകളുടെ ഭര്‍ത്താവ് മുഹമ്മദ് സഫ്ദര്‍ എന്നിവരും പ്രതികളാണ്.
അതിനിടെ രാഷ്ട്രീയ പാര്‍ട്ടികളുടെ വിവരങ്ങളും സ്ത്രീകള്‍ക്കായി അനുവദിച്ച സീറ്റ് ശതമാനവും പാക് തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ടു. ജൂലൈ 25നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ 48 പാര്‍ട്ടികള്‍ 304 സ്ത്രീകള്‍ക്ക് ടിക്കറ്റ് അനുവദിച്ചതായാണ് വിവരം. അതേ സമയം സ്ത്രീകള്‍ക്ക് അഞ്ച് ശതമാനം ടിക്കറ്റ് അനുവദിക്കുന്നതിന്റെ ആവശ്യമില്ലെന്ന വാദവുമായി ചില പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) അവരില്‍ നിന്നൊക്കെ വ്യത്യസ്തമായി സ്ത്രീകള്‍ക്കായുള്ള സീറ്റ് ശതമാനം മറ്റുള്ള പാര്‍ട്ടികളില്‍ നിന്നും കൂടുതലായി ഉയര്‍ത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല