സ്വന്തം ലേഖകന്‍: ‘ഇത് നിങ്ങളെ ഉദ്ദേശിച്ചാണ് നിങ്ങളെ മാത്രം ഉദ്ദേശിച്ചാണ്,’ ഐറയിലെ നയന്‍സിന്റെ കിടിലന്‍ ഡയലോഗ് രാധാ രവിക്കുള്ള മറുപടിയോ? വീഡിയോ ഏറ്റെടുത്ത് ആരാധകര്‍. തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് നയന്‍താര. നയന്‍സിനേയും പൊള്ളാച്ചി പീഡനത്തില്‍ ഇരയായവരേയും പരസ്യമായി അപമാനിച്ച രാധാരവിക്കെതിരെ തമിഴ് സിനിമാലോകം ഒന്നടങ്കം നിലയുറപ്പിച്ചിരിക്കുകയാണ്. നിരവധിയാളുകളാണ് പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്.
സംവിധായകനും നയന്‍താരയുടെ കാമുകനുമായ വിഘ്‌നേഷ് ശിവ, ഗായിക ചിന്മയി. നടിമാരായ രാധിക, വരലക്ഷ്മി തുടങ്ങിയവര്‍ രാധാ രവിക്കെതിരേയും നയന്‍സിന് പിന്തുണയും പ്രഖ്യാപിച്ച് രംഗത്തെത്തി കഴിഞ്ഞു. സംഭവം വിവാദമായതോടെ രാധാ രവിയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി ഡി എം കെയും നടികര്‍ സംഘത്തില്‍ നിന്നും വിലക്കിയതായി വിശാലും അറിയിച്ചു.
സ്ത്രീവിരുദ്ധത അലങ്കാരമാക്കി നടക്കുന്ന രാധാ രവിയെ സിനിമയില്‍നിന്ന് അകറ്റി നിര്‍ത്താന്‍ സഹപ്രവര്‍ത്തകരോട് അപേക്ഷിക്കുമെന്നും കെ.ജെ സ്റ്റുഡിയോസ് വ്യക്തമാക്കി. തമിഴകം ഒന്നടങ്കം നടിക്കൊപ്പമാണ്. ഇതിന് തൊട്ടുപിന്നാലെ നയന്‍താര പ്രധാനവേഷത്തില്‍ എത്തുന്ന ഐറ എന്ന ചിത്രത്തിലെ രംഗം കെ.ജെ സ്റ്റുഡിയോസ് പുറത്ത് വിട്ടത് വലിയ ചര്‍ച്ചയായി മാറി. രാധാ രവിയുടെ വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് നയന്‍സ് നല്‍കുന്ന മറുപടിയാണിതെന്നാണ് ആരാധകരുടെ വ്യാഖ്യാനം.
ഐറയില്‍ യമുന എന്ന പത്രപ്രവര്‍ത്തകയുടെ വേഷത്തിലാണ് നയന്‍താര എത്തുന്നത്. പുറത്തുവന്ന വീഡിയോയില്‍ ‘നീ മീഡിയയില്‍നിന്ന് വന്ന ആളല്ലേ? നാലഞ്ച് പേര്‍ക്കൊപ്പം കിടക്ക പങ്കിടാതെ ഈ നിലയില്‍ എത്താന്‍ കഴിയുമോ’ ഒരാള്‍ ചോദിക്കുന്നു. അപ്പോള്‍ നയന്‍താരയുടെ കഥാപാത്രം നല്‍കുന്ന മറുപടി ഇങ്ങനെ, ‘നിന്നെപ്പോലുള്ള ആണുങ്ങള്‍ കാരണം കുടുംബത്തിന് പിന്തുണ നല്‍കണമെന്ന് കരുതുന്ന പെണ്ണുങ്ങള്‍ക്ക് പോലും വെളിയിലിറങ്ങി ജോലി ചെയ്യാന്‍ കഴിയുന്നില്ല.’ നയന്‍സിന്റെ മറുപടിക്ക് വന്‍ വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല