മലയാള സിനിമയില്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒന്നരക്കോടി രൂപയാണ് പ്രതിഫലം. പൃഥ്വിരാജ് ഒരുകോടിയോളം വാങ്ങുന്നുണ്ട്. സൂപ്പര്‍താരങ്ങള്‍ വന്‍ പ്രതിഫലം വാങ്ങുന്നതിനാല്‍ മലയാള സിനിമ പ്രതിസന്ധിയിലാണെന്ന് വിലപിക്കുന്ന നിര്‍മ്മാതാക്കള്‍ നായിക നടിമാര്‍ക്ക് നല്‍കുന്ന പ്രതിഫലം കേട്ടാല്‍ മൂക്കത്ത് വിരല്‍വെച്ചുപോകും. തമിഴിലും തെലുങ്കിലും ഒരുകോടിയും രണ്ടുകോടിയുമൊക്കെ പ്രതിഫലം വാങ്ങുന്ന നടിമാര്‍ക്ക് ഇവിടെ ലഭിക്കുന്നത് പരമാവധി 30 ലക്ഷം മാത്രം.
നയന്‍താരയും മീരാജാസ്‌മിനുമാണ് മലയാളത്തില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നടിമാര്‍. ഇവര്‍ക്ക് ലഭിക്കുന്നത് 25-30 ലക്ഷം രൂപയാണ്. രണ്ടാം സ്ഥാനത്തുള്ള പ്രിയാമണിക്ക് 20 ലക്ഷവും മൂന്നാമതുള്ള കാവ്യാമാധവനും ശ്വേതാമേനോനും 10-12 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. തമിഴില്‍ 50 ലക്ഷത്തിലേറെ വാങ്ങുന്ന ഭാവനയ്‌ക്ക് ഇവിടെ ലഭിക്കുന്നത് 8-10 ലക്ഷമാണ്. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായ 22 ഫീമെയില്‍ കോട്ടയത്തില്‍ ശക്‌തമായ കഥാപാത്രത്തെ അവതരിപ്പിച്ച റീമാ കല്ലിങ്കലിന് വെറും 5 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്.
മലയാളത്തില്‍ താരമായാല്‍ നടിമാര്‍ അന്യഭാഷയിലേക്ക് ചേക്കേറുന്നതിന്റെ രഹസ്യം ഇപ്പോള്‍ പിടികിട്ടിക്കാണുമല്ലോ, അല്ലേ… തമിഴില്‍ മിന്നിത്തിളങ്ങി നില്‍ക്കുമ്പോഴാണ് മീരാജാസ്‌മിന്‍ ഈസ്‌റ്റ് കോസ്‌റ്റ് വിജയന്റെ മൊഹബത്ത് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയത്. ഏറെക്കാലത്തിന് ശേഷം മലയാളത്തില്‍ അഭിനയിക്കാന്‍ എത്തിയ മീര അന്ന് ആവശ്യപ്പെട്ടത് 50 ലക്ഷം രൂപയാണ്. എന്നാല്‍ ചില ഒത്തുത്തീര്‍പ്പുകള്‍ക്ക് ശേഷം 30 ലക്ഷം രൂപയ്‌ക്ക് അഭിനയിക്കാന്‍ മീര തയ്യാറാകുകയായിരുന്നു.
ഇതേ അവസ്ഥയായിരുന്നു സിദ്ദിഖിന്റെ ബോഡിഗാര്‍ഡില്‍ അഭിനയിക്കാന്‍ എത്തിയ നയന്‍താരയ്‌ക്കും നേരിടേണ്ടി വന്നത്. എന്നാല്‍ ഫാസില്‍ ഉള്‍പ്പടെയുള്ള സംവിധായകര്‍ ഇടപെട്ടതിനെത്തുടര്‍ന്നാണ് നയന്‍സ് അന്ന് 30 ലക്ഷത്തിന് അഭിനയിച്ചത്. മലയാളികളുടെ പ്രിയതാരമാണല്ലോ കാവ്യമാധവന്‍. മലയാളികള്‍ ഏറ്റവും സ്‌നേഹിക്കുന്ന നടിയായിട്ടും കാവ്യയ്‌ക്ക് ലഭിക്കുന്നത് പരമാവധി 12 ലക്ഷമാണ്. എന്നാല്‍ അടുത്തിടെ കാവ്യ അഭിനയിച്ച ചില ചിത്രങ്ങളില്‍ പ്രതിഫലമായി 10 ലക്ഷം രൂപ പോലും തികച്ച് ലഭിച്ചില്ലെന്ന പരാതിയുമുണ്ട്. സൂപ്പര്‍താരങ്ങള്‍ക്ക് കോടികള്‍ വാരിയെറിഞ്ഞ്, നടിമാരെ അവഗണിക്കുന്ന നിര്‍മ്മാതാക്കള്‍ തന്നെയാണ് ഇവിടെ പ്രതിസന്ധി സൃഷ്‌ടിക്കുന്നതെന്ന് ഇപ്പോള്‍ മനസിലായില്ലേ?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല