ആര്‍ക്കും നാവില്‍ എല്ലില്ല. സിനിമാതാരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും കാര്യമെടുത്താല്‍ ഇരുകൂട്ടര്‍ക്കും റബ്ബര്‍ നാവാണ്. എങ്ങനെ വേണമെങ്കിലും വലിച്ചുനീട്ടാം, വളയ്ക്കാം! സിപിഎമ്മില്‍ നിന്ന് രാജിവച്ചയുടന്‍ ശെല്‍വരാജ് എന്താണ് പറഞ്ഞത്? ‘കോണ്‍ഗ്രസില്‍ ചേരുന്നത് ആത്മഹത്യയാണെന്ന്’. അല്പദിവസത്തിനകം ശെല്‍വരാജിന്റെ മൊഴി മാറി, ‘വേദി തരികയാണെങ്കില്‍ കോണ്‍ഗ്രസുമായി സഹകരിക്കും’ എന്നായി. ഇപ്പോഴിതാ, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തന്നെ നെയ്യാറ്റിങ്കരയില്‍ നിന്ന് ശെല്‍വരാജ് മത്സരിക്കാന്‍ പോവുകയാണെന്ന് കേള്‍ക്കുന്നു. ഇപ്പോഴിത് ഓര്‍ക്കാന്‍ കാരണം ഡയാനാ മരിയം കുര്യനെന്ന നയന്‍താരയുടെ ചില ‘കണ്ടീഷനുകള്‍’ കേട്ടപ്പോഴാണ്.
ഒരിക്കല്‍ പ്രണയ ജോടികളായിരുന്നു ചിമ്പുവും (ഇപ്പോള്‍ എസ്ടിആര് എന്ന് പേര്, താടിക്കാരന് ടി രാജേന്ദ്രന്റെ പയ്യന്) നയന്‍താരയും. എന്തോ കശപിശയുണ്ടായി ഇരുവരും അടിച്ചുപിരിഞ്ഞപ്പോള്‍ എന്തായിരുന്നു നയന്‍താരയുടെ തിരുമൊഴി. ‘ഇത്രയും വൃത്തികെട്ട മനുഷ്യനെ കണ്ടിട്ടില്ല, വിശ്വസിക്കാന്‍ കൊള്ളൂലാ’ എന്നൊക്കെ നയന്‍സ് തട്ടിവിട്ടു. ‘കാലം മാറി കഥമാറി’, പക്ഷേ ക്ലൈമാക്സ് മാത്രം മാറിയില്ല. നയന്‍താരാ – പ്രഭുദേവയുടെ പ്രണയബന്ധത്തിന്റെ ക്ലൈമാക്സും ഏതാണ്ട് ഇതൊക്കെ തന്നെയായിരുന്നു എന്ന് നാം കണ്ടു
‘പ്രഭു എപ്പിസോഡ്’ അവസാനിച്ച് മാസം ഒന്നോ രണ്ടോ കഴിഞ്ഞിരിക്കുന്നു, നദിയിലൂടെ ഒരുപാട് വെള്ളം (ഓ, വേനല്‍ക്കാലമായതിനാല്‍ വെള്ളം ഉണ്ടാകുമോ ആവോ!) ഒഴുകിക്കഴിഞ്ഞിരിക്കുന്നു. ‘മറക്കണം, പൊറുക്കണം’ എന്നാണല്ലോ യേശുക്രിസ്തു പറഞ്ഞിരിക്കുന്നത്. ക്രിസ്ത്യാനിയായ നയന്‍താര ‘മറക്കണം, പൊറുക്കണം’ എന്ന വേദവാക്യം സ്വന്തം ജീവിതത്തില്‍ തന്നെ പ്രാവര്‍ത്തികമാക്കാന്‍ പോവുകയാണ്. ചിമ്പുവുമായി ഒരു അനുരഞ്ജനം!
ഛെ, ഛെ.. പ്രിയ വായനക്കാരെ, അരുതാത്തതൊന്നും മനസില്‍ കരുതരുതേ. സത്യം സത്യമായി സത്യം പറയാം! ചിമ്പുവിന് ഒരുപാട് നാളായി ഒരു സുഖക്കേടുണ്ട്. പത്രസമ്മേളനം വിളിച്ചുകൂട്ടും, തുടങ്ങിയ ഉടന്‍ ‘നയന്‍താര എന്റെ സിനിമയില്‍ അഭിനയിക്കുന്നില്ല, ഞാന്‍ വിളിക്കുന്നുമില്ല’ എന്നൊരു കാച്ചുകാച്ചും. ഇത് കേട്ടിട്ട് പത്രക്കാര്‍ക്ക് ചൊറിഞ്ഞുവരും. കാരണമെന്തെന്നോ?
‘വാല്’ എന്നൊരു പടവുമായി ചിമ്പു അടയിരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. മനസില്‍ കണ്ട നായികയെ കയ്യില്‍ കിട്ടുന്നില്ല. അതുതന്നെയാണ് ഈ അടയിരിക്കലിന്റെ രഹസ്യം. പല പ്രാവശ്യവും പലരിലൂടെയും നായികയ്ക്ക് ദൂതയച്ചു, നായികയ്ക്ക് അനക്കമില്ല. ഈ നായിക ആരാണെന്ന് അറിയാവുന്നത് കൊണ്ടാണ് ചിമ്പുവിന്റെ അവതാരിക കേള്‍ക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചൊറിഞ്ഞ് കയറുന്നത്.
എന്തായാലും ‘മാറ്റമില്ലാത്തത് മാറ്റം’ മാത്രമാണെന്ന് നയന്‍താര പറഞ്ഞത് ശരിയാവാന്‍ തുടങ്ങിയിരിക്കുന്നു. അവസാനം നയന്‍താരയെന്ന നായിക ചിമ്പുവിന്റെ പരിദേവനം കേട്ടിരിക്കുന്നു. ‘വാലി’ല്‍ തൂങ്ങാമെന്ന് ദൂതര്‍ വഴി അറിയിക്കുകയും ചെയ്തിരിക്കുന്നു. പക്ഷേ, മൂന്ന് കണ്ടീഷനാണ് ചുമ്പുവിന് മുന്നില്‍ മുച്ചീട്ടുകളിക്കാര്‍ നിരത്തുന്നത് പോലെ നയന്‍താര നിരത്തിയിട്ടിരിക്കുന്നത്.
കണ്ടീഷന്‍ നമ്പര്‍ ഒന്ന് – തെന്നിന്ത്യയിലെ ആരെക്കാളും ശമ്പളം തനിക്ക് വേണം. കൃത്യമായി പറഞ്ഞാല്‍ മൂന്ന് കോടി രൂപാ! കണ്ടീഷന്‍ നമ്പര്‍ രണ്ട് – അഭിനയവുമായി ബന്ധപ്പെട്ട വിഷയം ഒഴികെ തന്നോട് മറ്റൊന്നും സംസാരിക്കരുത്! കണ്ടീഷന്‍ നമ്പര്‍ മൂന്ന് – തന്റെ കാരവന്റെ അടുത്തേക്കേ ചിമ്പു വരാന്‍ പാടില്ല. ഈ നിബന്ധനകളൊക്കെ വള്ളിപുള്ളി വിടാതെ പാലിക്കാമെങ്കില്‍ ‘അവരോടെ പടത്തില്‍ നടിക്കറുതുക്ക് നാന് റെഡി’! ഭാഗ്യം, സിനിമയില്‍ കിടപ്പറ സീനൊന്നും പാടില്ല എന്ന് നയന്‍താര നിബന്ധന വച്ചിരുന്നാല്‍ എന്താകുമായിരിക്കും പാവം ചിമ്പുവിന്റെ ഗതി!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല