പ്രഭുദേവയുമായുള്ള ബന്ധം ഉപേക്ഷിച്ച തെന്നിന്ത്യന്‍ താരം നയന്‍താര സിനിമയില്‍ സജീവമാകുന്നു. ഒരു തെലുങ്ക് ചിത്രത്തിലും അജിത്തിനൊപ്പവും ചിമ്പുവിനൊപ്പവും രണ്ടു തമിഴ് ചിത്രത്തങ്ങളിലും ഇതിനോടകം കരാര്‍ ഒപ്പിട്ട നയന്‍താര ഒരു മലയാള ചിത്രത്തിന്റെ കഥയും കേട്ടുകഴിഞ്ഞു. എന്നാല്‍ അഭിനയിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല.
ജോഷി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിലേക്കാണ് നയന്‍താരയെ നായികയായി പരിഗണിക്കുന്നത്. ഹൈദരാബാദില്‍ നയന്‍താര താമസിക്കുന്ന ഹോട്ടലിലെത്തിയാണ് മോഹന്‍ലാല്‍-ജോഷി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നയന്‍സിനോട് കഥ പറഞ്ഞത്. കഥ നയന്‍താരയ്‌ക്ക് ഇഷ്‌ടപ്പെട്ടതായാണ് സൂചന. എന്നാല്‍ ഡേറ്റിന്റ കാര്യം കൂടി പരിഗണിച്ചശേഷമായിരിക്കും ഈ ചിത്രത്തിന്റെ കരാര്‍ ഒപ്പിടുകയെന്നാണ് നയന്‍താരയോട് അടുപ്പമുള്ളവര്‍ പറയുന്നത്.
നേരത്തെ ഈ ചിത്രത്തില്‍ അമലാപോള്‍ നായികയാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അമല പിന്‍മാറിയതോടെയാണ് ജോഷിയും കൂട്ടരും നയന്‍താരയെ സമീപിച്ചത്. ചിത്രത്തില്‍ അഭിനയിക്കുന്നത് സംബന്ധിച്ച നയന്‍താരയുടെ തീരുമാനം ഉടനുണ്ടാകുമെന്നാണ് അറിയുന്നത്.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്‌ത മനസിനക്കരെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ നയന്‍താര മോഹന്‍ലാലിനൊപ്പം വിസ്‌മയത്തുമ്പത്ത് എന്ന ചിത്രത്തിലും പിന്നീട് മമ്മൂട്ടിയുടെ നായികയായി രാപ്പകല്‍ എന്ന ചിത്രത്തിലും വേഷമിട്ടു. എന്നാല്‍ പിന്നീട് തമിഴകത്തും തെലുങ്കിലും കന്നഡയിലും മിന്നിത്തിളങ്ങിയ നയന്‍താര തെന്നിന്ത്യയിലെ ഏറ്റവും വിലപിടുപ്പുള്ള നായികയായി മാറി.
ഇതിനിടയില്‍ പ്രഭുദേവയുമൊത്തുള്ള പ്രണയത്തെ തുടര്‍ന്ന് അഭിനയം അവസാനിപ്പിക്കുന്നതായി നയന്‍സ് പ്രഖ്യാപിച്ചു. എന്നാല്‍ നയന്‍സ് – പ്രഭുദേവ ബന്ധത്തില്‍ വിള്ളല്‍ വീണതോടെ വീണ്ടും അഭിനയരംഗത്ത് സജീവമാകാന്‍ തയ്യാറെടുക്കുകയാണ് നയന്‍താര. സിദ്ദിഖിന്റെ ബോഡിഗാര്‍ഡ് എന്ന ചിത്രത്തിലാണ് നയന്‍താര അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല