സ്വന്തം ലേഖകന്‍: അറ്റ്‌ലാന്റിക്കിനു മുകളില്‍ പറക്കവെ ഡല്‍ഹി ന്യൂയോര്‍ക് വിമാനത്തില്‍ യുവതിയ്ക്ക് സുഖ പ്രസവം; താരങ്ങളായി ഇന്ത്യന്‍ ഡോക്ടറും സുഹൃത്തും. അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറക്കവെ പ്രസവ വേദന അനുഭവപ്പെട്ട യാത്രക്കാരി വിമാനത്തില്‍ വച്ച് തന്നെ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഡോ. സിജ് ഹേമലിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രസവ ശുശ്രൂഷയെ സഹയാത്രികര്‍ അഭിനന്ദിച്ചു.
പാരീസില്‍ സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു സിജ് ഹേമല്‍. ഗ്രീന്‍ലാന്റിന്റെ ദക്ഷിണമേഖലയ്ക്ക് മുകളില്‍ നില്‍ക്കെയാണ് ടൊയിന്‍ ഒഗുണ്ടിപെ എന്ന യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. അമേരിക്കയിലെ ക്ലീവ്‌ലാന്റ് ക്ലിനിക്കില്‍ രണ്ടാം വര്‍ഷ യൂറോളജി വിദ്യാര്‍ത്ഥിയായ ഹേമലും സുഹൃത്തായ ശിശുരോഗവിദഗ്ദ്ധയായ സൂസന്‍ സ്റ്റീഫനുമാണ് ഇവര്‍ക്ക് അടിയന്തിര സഹായം നല്‍കിയത്.
ഇരുവര്‍ക്കും അടിയന്തിര ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കാനുളള പരിശീലനം ലഭിച്ചിരുന്നു. അമേരിക്കന്‍ മിലിട്ടറി ബേസായിരുന്നു ഈ സമയത്ത് അടിയന്തിരമായി വിമാനം ഇറക്കാന്‍ പറ്റുന്ന താവളം. എന്നാല്‍ ഇവിടേക്ക് പിന്നെയും രണ്ട് മണിക്കൂര്‍ യാത്രയുണ്ടായിരുന്നു. ‘ഞാന്‍ വളരെ സമാധാനത്തിലായിരുന്നു. എനിക്കറിയാമായിരുന്നു ഞാന്‍ സുരക്ഷിതമായ കരങ്ങളിലാണ് ഉളളതെന്ന്. ലേബര്‍ റൂമില്‍ എങ്ങിനെയാകുമോ, അതിന് സമാനമായി സാധ്യമായതെല്ലാം ആ ഡോക്ടര്‍മാര്‍ ചെയ്തു. അതിനേക്കാള്‍ മികച്ചതായി എന്ന് തന്നെ വേണം പറയാന്‍,’ യുവതി പിന്നീട് പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല