അഭിമാനത്തിന്‍റെ നെറുകയിലാണു നമ്മുടെ രാജ്യവും ശാസ്ത്ര സമൂഹവും. ഉത്തര്‍പ്രദേശിലെയോ മധ്യപ്രദേശിലെയോ ഒരു റോഡില്‍നിന്നു ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലേക്കൊരു മിസൈല്‍. അതിന്റെ അഗ്രത്തില്‍ അണ്വായുധം. അതിനി ഭാവനയല്ല. ഇന്ത്യ അതിനുള്ള ശേഷി ആര്‍ജിച്ചുകഴിഞ്ഞു. അതിന്റെ പ്രകടനമാണ് ഇന്നലെ കണ്ടത്. ഭൂഖണ്ഡാന്തര ശേഷിയുള്ള ഭൂതല-ഭൂതല മിസൈല്‍ ക്ലബില്‍ ഇന്ത്യക്കും അംഗത്വം. അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയ്ക്കു മാത്രമേ അണ്വായുധങ്ങള്‍ വഹിക്കാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റിക് മിസൈല്‍ (ഐസിബിഎം) ശേഷി ഉള്ളൂ. അവരില്‍ത്തന്നെ ബ്രിട്ടന് ഇവ സ്വന്തമായി നിര്‍മിക്കാന്‍ ശേഷിയില്ല.
പ്രതിരോധ ഗവേഷണവികസന സംഘടന (ഡിആര്‍ഡിഒ)യും പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഭാരത് ഡൈനമിക്സും ചേര്‍ന്നാണ് ഈ മിസൈല്‍ നിര്‍മിച്ചത്. ഡിസൈനും സാങ്കേതികവിദ്യയും മുതല്‍ സമ്പൂര്‍ണ സ്വദേശിയാണ് അഗ്നി-5. അമ്പതു ടണ്‍ ഭാരമുണ്ട് ഈ മിസൈലിന്. നീളം 17.5 മീറ്റര്‍. വ്യാസം രണ്ടു മീറ്റര്‍. പരമാവധി 6000 കിലോമീറ്റര്‍ അകലെവരെ ആയുധമെത്തിക്കാനാവും. എങ്കിലും പ്രവര്‍ത്തനദൂരമായി കണക്കാക്കുക 5500 കിലോമീറ്ററാണ്. 1100 കിലോഗ്രാം ഭാരമുള്ള അണ്വായുധം വഹിക്കാന്‍ പറ്റും.എണ്ണൂറില്‍പ്പരം ശാസ്ത്രജ്ഞരുടെ മൂന്നു വര്‍ഷത്തെ ഗവേഷണ നേട്ടമാണ് ഇന്നലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ലക്ഷ്യം കണ്ടത്. സ്വാതന്ത്ര്യാനന്തര ഭാരതം നേടുന്ന വമ്പന്‍ നേട്ടം തന്നെ, അഗ്നി 5 മിസൈല്‍ പരീക്ഷണ വിജയം
അഗ്നി പുത്രി ടെസ്സി തോമസ്
സൂപ്പര്‍ പവറിലേക്കുള്ള പ്രവേശനം ഓരോ ഇന്ത്യക്കാരന്‍റെയും അഭിമാനമാണ്. ഈ ചരിത്രനേട്ടത്തിനു ചുക്കാന്‍ പിടിച്ചത് ആലപ്പുഴ സ്വദേശിനി ടെസി തോമസ് എന്ന ശാസ്ത്രജ്ഞയാണെന്നതു മലയാളികള്‍ക്കും മധുരം പകരുന്ന വാര്‍ത്ത. അഗ്നി 5 വികസിപ്പിക്കാന്‍ വേണ്ടി ഗവേഷണം നടത്തിയ ശാസ്ത്രജ്ഞന്‍മാരുടെ സംഘത്തിനു ടെസ്സിയാണ് നേതൃത്വം കൊടുത്തത്.തൃശൂര്‍ എന്ജിനീയറിംഗ് കോളേജില്‍ നിന്നും ബി ടെക് പാസായ ടെസി ആലപ്പുഴ സ്വദേശിയാണ്.ഇപ്പോള്‍ ഹൈദരാബാദില്‍ താമസിക്കുന്നു.റഡാര്‍/മിസൈല്‍ സാങ്കേതിക വിദ്യകളോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അവരെ DRDO ടീമില്‍ എത്തിച്ചത്.ഈ അര്‍പ്പണബോധവും ദേശ സ്നേഹവും കൊണ്ടാണ് ടെസ്സി തന്‍റെ കുട്ടിക്ക് ഇന്ത്യന്‍ ഫൈറ്റര്‍ വിമാനമായ തേജസ് എന്ന പേരിട്ടത്.എ പി ജെ അബ്ദുല്‍ കലാമാണ് ടെസ്സിയുടെ ഗുരു. .ടെസ്സിയുടെയും ടീമിന്റെയും വര്‍ഷങ്ങള്‍ നീണ്ട പ്രയത്നമാണ് ഇപ്പോള്‍ ലോകത്തിനു മുന്‍പില്‍ അഗ്നി 5 എന്ന പേരില്‍ നെഞ്ചു വിരിച്ചു നില്‍ക്കുന്നത്.
അഞ്ചാം തലമുറ
അഗ്നി പരമ്പരയിലെ അഞ്ചാം തലമുറയാണ് ഈ മിസൈല്‍. ഒന്നാം തലമുറ(അഗ്നി-1)യ്ക്ക് ഒരു ടണ്‍ ആയുധവുമായി 700 കിലോമീറ്റര്‍ അകലെ എത്താമായിരുന്നു. രണ്ടാം തലമുറയുടെ ശേഷി 2500 കിലോമീറ്റര്‍. വഹിക്കാവുന്നത് 1000 കിലോഗ്രാം. അഗ്നി-3 മിസൈലിന് 1500 കിലോഗ്രാമുമായി 3000 കിലോമീറ്ററകലെ എത്താന്‍ പറ്റും. അഗ്നി-4, എഴുന്നൂറു കിലോഗ്രാമുമായി 3000 കിലോമീറ്റര്‍ സഞ്ചരിക്കും.
അണ്വായുധങ്ങള്‍ വഹിക്കാന്‍ തയാറാക്കിയിട്ടുള്ള അഗ്നി പരമ്പര മിസൈലുകളെല്ലാം ഖര ഇന്ധനമാണ് ഉപയോഗിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇവ വിക്ഷേപിക്കാം എന്നതാണ് ഇതിന്റെ നേട്ടം. അഗ്നി മിസൈലുകള്‍ ട്രക്കുകളില്‍നിന്നു വിക്ഷേപിക്കാം. സ്ഥിരം വിക്ഷേപണത്തറ വേണ്ട. അതായത് ശത്രുദൃഷ്ടിയില്‍പ്പെടാതെ ഇവ സൂക്ഷിക്കാം. ടട്ര ട്രക്കുകളാണ് ഇപ്പോള്‍ ഈ മിസൈലുകളുടെ വിക്ഷേപണത്തറകളായി ഉപയോഗിക്കുന്നത്.
വേണമെങ്കില്‍ യൂറോപ്പ് വരെയും എത്തും
ഇന്ത്യയുടെ സമകാലിക സുരക്ഷാ ആവശ്യത്തിനു മതിയാകുന്നതാണ് 5500 കിലോമീറ്റര്‍ വരെ കൃത്യമായി എത്തിക്കാവുന്ന അഗ്നി-5 എന്നു വിലയിരുത്തപ്പെടുന്നു. 10,000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള ഒരു മിസൈല്‍ രൂപകല്പനയുടെ ഘട്ടത്തിലാണെന്ന പാശ്ചാത്യ റിപ്പോര്‍ട്ടുകള്‍ പ്രതിരോധ മന്ത്രാലയം തള്ളിക്കളയുകയാണ്.
അഗ്നി-5 ചൈനയുടെ വടക്കുകിഴക്കുവരെ എത്താവുന്നതാണ്. ഏഷ്യ മുഴുവനും റഷ്യയും യൂറോപ്പിലെ കുറേ രാജ്യങ്ങളും ആഫ്രിക്കയുടെ കുറച്ചുഭാഗവും ഇന്ത്യാ സമുദ്രത്തിന്റെ ഭൂരിപക്ഷം പ്രദേശവും ഈ മിസൈലിന്റെ പരിധിയില്‍വരും.
ഇങ്ങനെ മീഡിയം റേഞ്ച് ബാലിസ്റിക് മിസൈലില്‍ (അഗ്നി-1) തുടങ്ങി ഇന്റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റിക് മിസൈലുകളിലൂടെ (അഗ്നി 2, 3, 4) വളര്‍ന്ന ഇന്ത്യയുടെ നിയന്ത്രിത മിസൈല്‍ വികസനപരിപാടി (ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ ഡവലപ്മെന്റ് പ്രോഗ്രാം) ഇന്റര്‍കോണ്ടിനന്റല്‍ ബാലിസ്റിക് മിസൈലില്‍ (ഐസിബിഎം) എത്തിയിരിക്കുന്നു.
മറ്റു രാജ്യങ്ങള്‍
ഭൂഖണ്ഡാന്തര ബാലിസ്റിക് മിസൈലുകളുള്ള രാജ്യങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുള്ളവ അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവയാണ്. ഇവയില്‍ ബ്രിട്ടന്റേതു സ്വന്തമല്ല. അമേരിക്കയില്‍നിന്നു വാങ്ങുന്നതാണ്. ഇവയ്ക്കു പുറമേ ഉത്തരകൊറിയയും ഇസ്രയേലും ഈ സാങ്കേതികവിദ്യ ആര്‍ജിച്ചു എന്നു കരുതപ്പെടുന്നു. കൊറിയയുടെ ടീപോഡോംഗ് മിസൈലുകള്‍ 2006-ല്‍ പരീക്ഷിച്ചു വിജയിച്ചതാണ്. 6000 കിലോമീറ്റര്‍ വരെയാണു പരിധി. ഇതിന്റെ പുതിയ പതിപ്പ് ഇക്കഴിഞ്ഞ ദിവസം പരീക്ഷിച്ചെങ്കിലും പരാജയപ്പെട്ടു.
ഇസ്രയേലിന്റെ ജെറീക്കോ-3 മിസൈല്‍ 11,000 കിലോമീറ്റര്‍ വരെ പരിധിയുള്ളതാണ്. പക്ഷേ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. ഇന്ത്യ 10,000 കിലോമീറ്റര്‍ പരിധിയുള്ള അഗ്നി-ആറിന്റെ രൂപകല്പനയിലാണെന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നവയാണു പാശ്ചാത്യമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. ഇവയ്ക്കുവേണ്ട സാങ്കേതികവിദ്യ റഷ്യയില്‍നിന്നു കിട്ടുന്നുവെന്നാണു പാശ്ചാത്യരുടെ പ്രചാരണം.
ഇപ്പോഴത്തെ അഗ്നി-5 പരീക്ഷണം മിസൈലില്‍ വഹിക്കുന്ന അണ്വായുധങ്ങള്‍ നിര്‍ദിഷ്ട ലക്ഷ്യത്തില്‍ പതിപ്പിക്കുന്നതിന്റെ പരീക്ഷണംകൂടിയാണ്. ഒരു മിസൈലില്‍ ഒന്നിലേറെ ആയുധങ്ങള്‍ വഹിച്ച് അവ വ്യത്യസ്ത ലക്ഷ്യങ്ങളില്‍ പതിപ്പിക്കുന്ന എംഐആര്‍വി (മള്‍ട്ടിപ്പിള്‍ ഇന്‍ഡിപെന്‍ഡന്റലി ടാര്‍ജറ്റബിള്‍ റീ എന്‍ട്രി വെഹിക്കിള്‍സ്) ഇതോടൊപ്പം പരീക്ഷിക്കപ്പെട്ടു. ഇതിനുവേണ്ട സാങ്കേതികവിദ്യ വളരെ ചുരുക്കം രാജ്യങ്ങള്‍ക്കേ ഉള്ളൂ.
ചൈനയ്ക്ക് കണ്ണുകടി
അഗ്നി-അഞ്ച് മിസൈലിനെപ്പറ്റിയുള്ള ചൈനയുടെ അര്‍ധ ഔദ്യോഗിക പ്രതികരണം പ്രതീക്ഷിച്ചതുപോലെയായിരുന്നു. “ചൈനയുടെ മിക്ക ഭാഗത്തും എത്താവുന്ന മിസൈല്‍ ഇന്ത്യക്കുണ്ടായാലും മൊത്തം ആയുധപ്പന്തയത്തില്‍ ഇന്ത്യക്കു വിജയസാധ്യതയില്ല.” ചൈനീസ് സര്‍ക്കാരിന്റെ ഇംഗ്ളീഷ് ദിനപത്രമായ ഗ്ളോബല്‍ ടൈംസിലാണ് ഈ പ്രതികരണം വന്നത്. മിസൈല്‍ വ്യാമോഹത്തില്‍ ഇന്ത്യ എന്നായിരുന്നു തലക്കെട്ട്. ഇന്ത്യയുടെ അഗ്നി-5 പരീക്ഷണ വിജയത്തെ താഴ്ത്തിക്കെട്ടാന്‍ ചൈന വേണ്ടത്ര ശ്രമിക്കുന്നുണ്ട്. യഥാര്‍ഥ ഭൂഖണ്ഡാന്തര മിസൈലാകണമെങ്കില്‍ 8000 കിലോമീറ്റര്‍ പരിധിവേണം, അഗ്നി-5ന് 5000 കിലോമീറ്ററേ ഉള്ളൂ; ഇന്ത്യ ഇപ്പോഴും ദരിദ്രര്‍ കൂടുതലുള്ള രാജ്യമാണ് എന്നൊക്കെയാണ് അതിനുള്ള ന്യായങ്ങള്‍.
മറുവശത്ത്, ഇന്ത്യയുടെ അണ്വായുധം-മിസൈല്‍ ശേഷികളെ പാശ്ചാത്യര്‍ പ്രശ്നമാക്കാത്തതിനെ ചൈന വിമര്‍ശിക്കുന്നു. ഇന്ത്യ ഇക്കൊല്ലം പ്രതിരോധച്ചെലവ് 17 ശതമാനം കൂട്ടിയതിനെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. (ഇന്ത്യയുടെ പ്രതിരോധച്ചെലവ് 3800 കോടി ഡോളര്‍ മാത്രമാണ്, ചൈനയുടേത് 10,000 കോടി ഡോളറിലധികവും. ഇക്കാര്യം ലേഖനത്തില്‍ പറയുന്നില്ല.) ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യമാണെന്നും ചൈന കുറ്റപ്പെടുത്തുന്നു. മനുഷ്യാവകാശലംഘനങ്ങളുടെ പേരില്‍ ചൈനയ്ക്കു ആയുധം വില്‍ക്കുന്നതു പാശ്ചാത്യര്‍ വിലക്കിയിരിക്കുന്ന കാര്യം ലേഖനത്തില്‍ മറച്ചുവയ്ക്കുന്നു. ചൈനീസ് ആയുധസംഭരണത്തില്‍ നല്ലൊരു പങ്ക് രഹസ്യമാണെന്നതു വേറൊരു വസ്തുത. ഇതിനൊക്കെശേഷമാണ് ഇന്ത്യ പുതിയ ശേഷിയില്‍ അഹങ്കരിക്കരുതെന്ന മുന്നറിയിപ്പ്. ഈ ചൈനീസ് പ്രതികരണം ഒരു കാര്യം വ്യക്തമാക്കുന്നു: ഇന്ത്യയുടെ അഗ്നി-5 ചൈനയ്ക്കു ഭീഷണിതന്നെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല