സ്വന്തം ലേഖകന്‍: ബി.ജെ.പി വക്താവിനെ എന്‍.ഡി.ടി.വി അവതാരാക ടിവി ചര്‍ച്ചയില്‍ നിന്ന് ഇറക്കി വിട്ടു, അവതാരകയ്ക്ക് അഭിനന്ദന പ്രവാഹവുമായി സമൂഹ മാധ്യമങ്ങള്‍. ബി.ജെ.പിയുടെ ദേശീയ വക്താവായ സമ്പിത് പാത്രയെയാണ് ചാനലിന്റെ എക്‌സിക്യുട്ടീവ് എഡിറ്ററായ നിധി റസ്ദാന്‍ തത്സമയ ചര്‍ച്ചയില്‍ നിന്ന് പുറത്താക്കിയത്. കശാപ്പിനുള്ള കന്നുകാലികളുടെ വില്‍പ്പന നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനത്തെ സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയാണ് സംഭവം.
കന്നുകാലി കശാപ്പ് വിഷയത്തില്‍ എന്‍.ഡി.ടി.വിയ്ക്ക് പ്രത്യേക അജഡണ്ടയുണ്ടെന്നാണ് ബി.ജെ.പി വക്താവ് പറഞ്ഞത്. തുടര്‍ന്ന് ആരോപണം പിന്‍വലിക്കുകയോ ചര്‍ച്ചയില്‍ നിന്ന് പുറത്ത് പോകുകയോ ചെയ്യണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുകയാണെന്ന് നിധി റസ്ദാന്‍ പറഞ്ഞു. എന്നാല്‍ തനിക്ക് പറയാനുള്ളത് പറയാന്‍ അവസരം തരികയാണ് വേണ്ടതെന്നും ചര്‍ച്ചയില്‍ നിന്ന് പിന്മാറില്ലെന്നും സമ്പിത് പാത്ര പറഞ്ഞു കൊണ്ടേയിരുന്നു. എന്നാല്‍ ചാനലിനെ കുറിച്ച് പറഞ്ഞത് പിന്‍വലിക്കാതെ ചര്‍ച്ചയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടാണ് നിധി സ്വീകരിച്ചത്.
ചര്‍ച്ചയിലുടനീളം എന്‍.ഡി.ടി.വിയുടെ കാപട്യങ്ങള്‍ തുറന്നു കാണിക്കാന്‍ ശ്രമിക്കുമെന്ന് സമ്പിത് ഭീഷണി മുഴക്കിയപ്പോള്‍ താങ്കളെ പങ്കെടുപ്പിച്ചുകൊണ്ട് ചര്‍ച്ച മുന്നോട്ടു കൊണ്ടു പോകാനാകില്ലെന്ന് പറഞ്ഞു കൊണ്ട് ക്യാമറാ ഫീഡ് കട്ട് ചെയ്യുകയാണ് നിധി ചെയ്തത്. ഇതിനെതിരെ സമ്പീത് പാത്ര ട്വിറ്ററില്‍ പ്രതിഷേധം അറിയിച്ചെങ്കിലും മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ നിധിയുടെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല