സ്വന്തം ലേഖകൻ: അങ്ങനെ വീണ്ടും സാങ്കേതിക വിദ്യാ വ്യവസായ രംഗത്തെ മുന്‍നിര സ്ഥാപനങ്ങളിലൊന്നിന്റെ തലപ്പത്തേക്ക് മറ്റൊരു ഇന്ത്യന്‍ വംശജന്‍ കൂടി എത്തുന്നു. ഗൂഗിളിന് കീഴിലുള്ള ജനപ്രിയ വീഡിയോ സ്ട്രീമിങ് സേവനമായ യൂട്യൂബിന്റെ തലപ്പത്തേക്കാണ് ഇന്ത്യന്‍-അമേരിക്കന്‍ പൗരനായ നീല്‍ മോഹന്‍ എത്തുന്നത്.
25 വര്‍ഷക്കാലത്തെ സേവനം അവസാനിപ്പിച്ച് യൂട്യൂബിന്റെ നിലവിലെ മേധാവി സൂസന്‍ വൊജ്‌സ്‌കി സ്ഥാനം ഒഴിഞ്ഞതോടെയാണ് 47 കാരനായ നീല്‍ മോഹന്‍ ആ സ്ഥാനത്തേക്ക് നിയമിതനായത്.
നിലവില്‍ യൂട്യൂബിന്റെ ചീഫ് പ്രൊഡക്ട് ഓഫീസറായ നീല്‍മോഹന്‍ 2008 മുതല്‍ ഗൂഗിളിന്റെ ഭാഗമാണ്. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് 1996 ല്‍ ബിരുദമെടുത്ത നീല്‍ 2005 ല്‍ സ്റ്റാന്‍ഫോര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടി. മൈക്രോസോഫ്റ്റിലും ജോലി സേവനമനുഷ്ടിച്ചിട്ടുണ്ട്.
കഴിഞ്ഞ 15 വര്‍ഷക്കാലമായി സൂസന്‍ വൊജ്‌സ്‌കിയും നീല്‍ മോഹനും സഹപ്രവര്‍ത്തകരാണ്. 2015 ലാണ് നീല്‍ യൂട്യൂബിന്റെ ചീഫ് പ്രൊഡക്ട് ഓഫീസറായത്. സ്ഥാനമൊഴിയുന്ന സൂസന്‍ ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റേയും ഉപദേശകരില്‍ ഒരാളായി തുടരും. ഗൂഗിളിന്റെ മാര്‍ക്കറ്റിങിന് സൂസന്‍ നേതൃത്വം നല്‍കിയിരുന്നു.
പിന്നീട് ഗൂഗിള്‍ ഇമേജ് സെര്‍ച്ച് രൂപീകരണത്തില്‍ പങ്കുവഹിച്ചു. ഗൂഗിളിന്റെ ആദ്യ വീഡിയോ സെര്‍ച്ച്, ബുക്ക് സെര്‍ച്ച് എന്നിവയ്ക്കും നേതൃത്വം നല്‍കി. ആഡ്‌സെന്‍സ് സേവനത്തിന്റെ തുടക്കത്തിലും സൂസന്‍ നേതൃത്വം നല്‍കി. യൂട്യൂബിന്റെയും പരസ്യ സാങ്കേതിക വിദ്യാ പ്ലാറ്റ്‌ഫോമായിരുന്ന ഡബിള്‍ക്ലിക്കിന്റെയും ഏറ്റെടുക്കലിലും സൂസന്‍ പങ്കാളിയായി. കമ്പനിയുടെ പരസ്യവിഭാഗത്തിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലമായി യൂട്യൂബിന്റെ മേധാവിയാണ് സൂസന്‍.
നീല്‍ മോഹന്‍ യൂട്യൂബിന്റെ സീനിയര്‍ വൈസ് പ്രസിഡന്റും പുതിയ മേധാവിയുമാവുമെന്ന് സൂസന്‍ പറഞ്ഞു. ആദ്യമായി ഗൂഗിള്‍ വന്നകാലം തൊട്ട് 15 വര്‍ഷക്കാലം താന്‍ നീല്‍ മോഹനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സൂസന്‍ പറഞ്ഞു. ഡബിള്‍ക്ലിക്കിന്റെ ഏറ്റെടുക്കല്‍ സമയത്ത് ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.
യൂട്യൂബ് ടിവി, യൂട്യൂബ് മ്യൂസിക്, പ്രീമിയം, ഷോര്‍ട്‌സ് ഉള്‍പ്പടെയുള്ള യൂട്യൂബിന്റെ വിവിധ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചവരില്‍ ഒരാളാണ് നീല്‍ മോഹന്‍. യൂട്യൂബിന് ഇനിയുമേറെ അവസരങ്ങള്‍ മുന്നിലുണ്ടെന്നും യൂട്യൂബിനെ നയിക്കാന്‍ അനുയോജ്യനായ വ്യക്തിയാണ് നീല്‍ മോഹനെന്നും സൂസന്‍ പറഞ്ഞു.
ആല്‍ഫബെറ്റ് മേധാവി സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല, അഡോബി മേധാവി ശാന്തനു നാരായെന്‍ തുടങ്ങി യുഎസിലെ വന്‍കിട ടെക്ക് കമ്പനികളെ നയിക്കുന്ന ഇന്ത്യന്‍ വംശജരയുടെ പട്ടികയിലേക്കാണ് നീല്‍ മോഹന്റെയും വരവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല