സ്വന്തം ലേഖകൻ: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി. ഭീഷണിസന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് റണ്‍വേയിലേക്ക് നീങ്ങിയ ഇന്‍ഡിഗോ വിമാനം തിരിച്ചുവിളിച്ചു. തിങ്കളാഴ്ച രാവിലെ 11.30-ഓടെയായിരുന്നു സംഭവം. 11.30-ന് നെടുമ്പാശ്ശേരിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണിസന്ദേശം.
സി.ഐ.എസ്.എഫിന്റെ കണ്ട്രോള് റൂമിലേക്കാണ് അജ്ഞാത സന്ദേശം എത്തിയത്. ഇതോടെ റണ്‍വേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചുവിളിക്കുകയും യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തുകയുമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ലഗേജുകളും പരിശോധിച്ചു.
സംഭവം വ്യാജ ബോംബ് ഭീഷണിയാണെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. പരിശോധന പൂര്‍ത്തിയാക്കി ഒരു മണിക്ക് ശേഷം വിമാനം ബെംഗളൂരുവിലേക്ക് യാത്ര തിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, വ്യാജ ബോംബ് ഭീഷണി മുഴക്കിയയാളെ കണ്ടെത്താനായി അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
നേപ്പാളിലെ നമ്പറില്‍നിന്നാണ് വ്യാജ ഭീഷണിസന്ദേശം എത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. നേപ്പാള്‍ സ്വദേശിയായ ഒരാള്‍ കൊച്ചിയില്‍നിന്ന് ബെംഗളൂരുവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഇയാള്‍ക്ക് കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിച്ചേരാനായില്ലെന്നും ഇതേത്തുടര്‍ന്നാണ് വ്യാജ ബോംബ് ഭീഷണി മുഴക്കിയതെന്നുമാണ് പ്രാഥമിക വിവരം. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല