സ്വന്തം ലേഖകന്‍: നീറ്റ് പ്രവേശന പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനിളെ സുരക്ഷാ പരിശോധയുടെ പേരില്‍ അടിവസ്ത്രം അഴിപ്പിച്ചതും ചുരിദാറിന്റെ കൈ മുറിച്ചു മാറ്റിയതും വിവാദമാകുന്നു. ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയിലാണ് നിബന്ധനകളുടെ പേരില്‍ കണ്ണൂരിലെ ചില സ്വകാര്യ സ്കൂളുകളില്‍ വിദ്യാര്‍ഥിനികളുടെ ബ്രായും ജീന്‍സും അഴിച്ച് പരിശോധന നടത്തിയത്.
പ്രവേശനപ്പരീക്ഷ നിബന്ധനകള്‍ പാലിക്കാതെ എത്തിയവരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. രാവിലെ 8.30ന് തുടങ്ങുന്ന പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് അധികൃതര്‍ വിദ്യാര്‍ഥിനികളെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ചത്. ലോഹക്കൊളുത്തുള്ള ബ്രാ ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ക്കാണ് ക്ലാസ് മുറിക്കുള്ളില്‍വെച്ച് വസ്ത്രമഴിച്ച് ബ്രാ പുറത്തുനില്‍ക്കുന്ന രക്ഷിതാക്കളുടെ കൈയില്‍ കൊടുക്കേണ്ടി വന്നത്. പലരും നാണക്കേടുകൊണ്ട് കരഞ്ഞു പോകുകയും ചെയ്തു.
ജീന്‍സിലെ ലോഹ ബട്ടണും ഒരു പെണ്‍കുട്ടിയ്ക്ക് പാരയായി. ഒടുവില്‍ രക്ഷിതാവ് ദൂരെയുള്ള കട തുറപ്പിച്ച് ലെഗ്ഗിന്‍സ് കൊണ്ടുവന്നാണ് മകള്‍ക്ക് നല്‍കിയത്. അയല്‍വീട്ടുകാരായ സ്ത്രീകള്‍ പലരും പെണ്‍കുട്ടികള്‍ക്ക് വസ്ത്രങ്ങള്‍ നല്കാന് തയ്യാറായി. എന്നാല്‍ ഇക്കൂട്ടത്തിലെ ചുരിദാറുകളുടെ കൈകള്‍ അധികൃതര്‍ മുറിച്ചുമാറ്റി. പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് ഇത്തരം നടപടികളുണ്ടായതെന്നതിനാല്‍ പല കുട്ടികളും പരീക്ഷയെഴുതാന്‍ വൈകി.
വസ്ത്രമഴിച്ചുള്ള പരിശോധനക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധവും ട്രോളുകളും നിറഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയനും സ്കൂള്‍ അധികൃതര്‍ക്കെതിരെ രംഗത്തെത്തി. വിദ്യാര്‍ഥികളുടെ മാനസിക നിലയെ തര്‍ക്കുന്ന നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. പരിഷ്കൃത സമൂഹത്തിന് ഇത്തരം നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും തന്റെ ഫെയ്സ്ബുക്ക് പേജില്‍ അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല