സ്വന്തം ലേഖകൻ: അപേക്ഷ നടപടികൾ ആരംഭിച്ച് പത്തു ദിവസം പിന്നിട്ടിട്ടും ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിദേശങ്ങളിലെ ‘നീറ്റ്’ കേന്ദ്രങ്ങൾ സംബന്ധിച്ച് മിണ്ടാട്ടമില്ലാതെ പരീക്ഷ നടത്തിപ്പുകാരായ നാഷനൽ ടെസ്റ്റിങ് ഏജൻസി. ഈ വർഷത്തെ നീറ്റ് പരീക്ഷക്കുള്ള രജിസ്ട്രേഷന് ഫെബ്രുവരി ഒമ്പതിന് തുടക്കമായിരുന്നു. മാർച്ച് ഒമ്പതുവരെയാണ് ഓൺലൈനായി പരീക്ഷക്ക് രജിസ്റ്റർ ചെയ്യാനുള്ള സമയ പരിധി.
എന്നാൽ, മുൻ വർഷങ്ങളിൽ ഖത്തർ ഉൾപ്പെടെ ആറ് ഗൾഫ് രാജ്യങ്ങളിലും മറ്റു വിദേശരാജ്യങ്ങളിലും അനുവദിച്ച പരീക്ഷ കേന്ദ്രങ്ങൾ മുന്നറിയിപ്പുകളൊന്നുമില്ലാതെ റദ്ദാക്കിയത് പ്രവാസി വിദ്യാർഥികളെ കുഴക്കുകയാണ്. വിദേശകേന്ദ്രങ്ങളെ വെട്ടിയ തീരുമാനം എൻ.എ.ടി പുനഃപരിശോധിക്കുമെന്ന പ്രതീക്ഷയിൽ ഓൺലൈൻ വഴിയുള്ള പരീക്ഷ രജിസ്ട്രേഷൻ പൂർത്തിയാക്കാതെ കാത്തിരിക്കുന്ന പ്രവാസി വിദ്യാർഥികൾ ഇപ്പോൾ തീർത്തും ആശങ്കയിലായി.
ഇനിയും കാത്തിരിക്കാതെ, നാട്ടിലെ കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് അപേക്ഷ നടപടികൾ പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് പല രക്ഷിതാക്കളും. പത്തു ദിവസത്തിനുള്ളിലെങ്കിലും ശരിയാകുമെന്നും സമ്മർദങ്ങളിലൂടെ വിദേശ കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കാൻ കഴിയുമെന്നുമായിരുന്നു പ്രതീക്ഷ.
എന്നാൽ, ഇന്ത്യൻ എംബസി മുതൽ കേരളത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും എം.പിമാരും വിവിധ സംഘടനകൾ വഴിയുമെല്ലാം നിവേദനങ്ങളും മറ്റും സമർപ്പിച്ചിട്ടും എന്തുകൊണ്ട് വിദേശ കേന്ദ്രങ്ങൾ റദ്ദാക്കിയെന്നതിൽ എൻ.ടി.എ പ്രതികരിച്ചിട്ടില്ല. പുനഃസ്ഥാപിക്കുമെന്ന സൂചനയും നൽകാതായതോടെ വെട്ടിലായത് പഠിച്ചുവളർന്ന പ്രവാസമണ്ണിൽതന്നെ പരീക്ഷയെഴുതാമെന്ന് മോഹിച്ച വിദ്യാർഥികളാണ്. ഇനി നാട്ടിലെ സെൻറർ തിരഞ്ഞെടുത്ത് അപേക്ഷ നൽകുകയും വിമാന ടിക്കറ്റ് ഉൾപ്പെടെ ബുക്ക് ചെയ്ത് പുറപ്പെടാൻ ഒരുങ്ങുകയുമെല്ലാം വേണമെന്ന ആധിയിലാണ് രക്ഷിതാക്കളും.
കേരളത്തിൽ ആവശ്യത്തിന് സെൻററുകൾ ഉണ്ടെന്നത് മലയാളി വിദ്യാർഥികൾക്ക് ആശ്വാസമാണ്. എന്നാൽ, ഹ്രസ്വ അവധിക്ക് വീട്ടിൽ എത്തിച്ചേരലും നഗര കേന്ദ്രങ്ങളിലെത്തി പരീക്ഷയെഴുതലുമെല്ലാം വടക്കേ ഇന്ത്യയിൽനിന്നുള്ള പ്രവാസി വിദ്യാർഥികൾക്കാണ് വലിയ തിരിച്ചടിയാകുക.
മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രസ് ടെസ്റ്റ് (നീറ്റ്) ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനൊപ്പം പ്രസിദ്ധീകരിച്ച പരീക്ഷ കേന്ദ്രങ്ങളുടെ പട്ടികയിൽനിന്നാണ് ഇന്ത്യക്ക് പുറത്തെ കേന്ദ്രങ്ങളെല്ലാം ഒഴിവായത്. ഇത്തവണ ഇന്ത്യയിലെ 554 നഗരങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളാണ് ടെസ്റ്റിങ് ഏജൻസി പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷം ആറ് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക് പുറത്ത് 12 രാജ്യങ്ങളിൽ നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചിരുന്നു. വിവിധ ഗൾഫ് രാജ്യങ്ങളിലായി ഒമ്പത് കേന്ദ്രങ്ങളിലായി ആയിരക്കണക്കിന് വിദ്യാർഥികളാണ് കഴിഞ്ഞവർഷം പരീക്ഷയെഴുതിയത്.
യുഎഇയിൽ മാത്രം നാല് (ദുബൈയിൽ രണ്ട്, ഷാർജ, അബൂദബി) കേന്ദ്രങ്ങൾ അനുവദിച്ചു. സൗദി (റിയാദ്), ബഹ്റൈൻ (മനാമ), ഖത്തർ (ദോഹ), ഒമാൻ (മസ്കത്ത്), കുവൈത്ത് (കുവൈത്ത് സിറ്റി) എന്നീ ജി.സി.സി രാജ്യങ്ങളിൽ ഓരോ സെൻററിലും പ്രവാസി വിദ്യാർഥികൾ പരീക്ഷ എഴുതി. രജിസ്ട്രേഷൻ സമയത്ത് നാല് സെന്ററുകൾ തിരഞ്ഞെടുത്താണ് അപേക്ഷ നടപടി പൂർത്തിയാക്കേണ്ടത്. മേയ് അഞ്ചിന് നടക്കുന്ന പരീക്ഷക്ക് മാർച്ച് ഒമ്പതുവരെ അപേക്ഷിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല