ആശുപത്രിയില്‍ രോഗികള്‍ക്ക് ശരിയായ പരിചരണം ലഭിക്കുന്നില്ലെന്ന പരാതിയുമായി 23 രോഗികളുടെ കുടുംബങ്ങള്‍ രംഗത്ത്. വോര്സസ്റ്റര്ഷിറിലെ റെഡിച്ഛില് പ്രവര്‍ത്തിക്കുന്ന അലക്സാന്‍ഡ്ര എന്ന ഹോസ്പിറ്റലിനെതിരെയാണ് പരാതി. രോഗികളുടെ ബന്ധുക്കള്‍ കോടതിയില്‍ നല്കിയ പരാതിയില്‍ പറയുന്നതനുസരിച്ച് ആശുപത്രി അധികൃതര്‍ രോഗികള്‍ക്ക് നല്കേണ്ടുന്ന പരിചരണങ്ങള്‍ ഒന്നും തന്നെ നല്‍കിയിരുന്നില്ലെന്നും എല്ലാ മാനുഷിക പരിഗണനയും കാറ്റില്‍ പറത്തുന്ന രീതിയിലുള്ള പെരുമാറ്റമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതെന്നും പറയപ്പെടുന്നു.
ആശുപത്രിയില്‍ രോഗികളെ പരിചരിക്കുന്നതിന് ആവശ്യമായ ആളുകളില്ല എന്നും ഉള്ളവര്‍ തങ്ങളുടെ ജോലിയില്‍ വിമുഖത കാണിക്കുന്നതായും രോഗികള്‍ക്കാവശ്യമായ ആഹാരം നല്‍കുന്നതിന് തയ്യാറാകുന്നില്ലയെന്നും പരാതി സംബന്ധിച്ച് അന്വേഷിച്ച മനുഷ്യാവകാശ കമ്മീഷന് വക അഭിഭാഷകയായ എമ്മ ജോണ്‍സ് പറഞ്ഞു. രോഗികളുടെ രോഗ വിവരം സംബന്ധിച്ച് ബന്ധുക്കള്‍ക്ക് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവിരങ്ങള്‍ തെറ്റായതാണെന്നും ഇവര്‍ കൂട്ടി ചേര്‍ത്തു. ഈ പരാതികള്‍ ഒരു മഞ്ഞു കട്ടയുടെ അറ്റം മാത്രമാണെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിലൂടെ പുറത്തു വരാനിടയുണ്ടെന്നും എമ്മ പറഞ്ഞു.
മുതിര്‍ന്ന പൗരന്മാര്ക്ക് നല്കുന്ന പരിഗണന സംബന്ധിച്ച് ഇതേ ഹോസ്പിറ്റലിനെകുറിച്ച് പരാതികള്‍ ഈ വര്‍ഷമാദ്യം ലഭിച്ചിരുന്നുവെന്നും ഇതിനു ശേഷം രഹസ്വാന്വേഷണങ്ങള് ഇടയ്ക്ക് നടത്താറുണ്ടായിരുന്നുവെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന് പറഞ്ഞു. ഇതിന്റെ ഫലമായി മാര്‍ച്ച് – ജൂണ്‍ മാസങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ സേവനം മെച്ചപ്പെട്ടതായി മനസ്സിലാക്കാന്‍ സാധിച്ചതായി പറഞ്ഞിരുന്നു. ഇപ്പോള്‍ ലഭിച്ച പരാതിയനുസരിച്ച് സേവനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കെയര്‍ ക്വാളിറ്റി കമ്മീഷന് വക്താക്കള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല