നെഹ്രുകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ സ്വപ്‌നങ്ങളുമായി ചൊവ്വാഴ്ച ഇന്ത്യ നേപ്പാളിനെ നേരിടും. ആദ്യ മത്സരത്തില്‍ സിറിയയെ 2-1നും രണ്ടാം മത്സരത്തില്‍ മാലി ദ്വീപിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കും തോല്‍പ്പിച്ച ഇന്ത്യ തികഞ്ഞ ശുഭപ്രതീക്ഷയിലാണ്.
നിലവിലുള്ള ചാംപ്യന്മാരായ ഇന്ത്യ പുതിയ കോച്ച് വിം കോവര്‍മാന്‍സിനു കീഴില്‍ മെച്ചപ്പെട്ട പ്രകടനമാണ് പുറത്തെടുക്കുന്നത്. നായകന്‍ സുനില്‍ ഛെത്രിയുടെയും സയ്ദ് റഹിം നെബിയുടെയും മികച്ച ഫോമും ഇന്ത്യക്ക് തുണയാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ നിന്നുമായി ഛെത്രി മൂന്നു ഗോളുകളാണ് അടിച്ചുകൂട്ടിയത്. പോര്‍ച്ചുഗല്‍ ക്ലബ്ബായ സ്‌പോര്‍ട്ടിങ് ലിസ്ബണിലെ പരിചയ സമ്പത്ത് ഇന്ത്യന്‍ നായകന്റെ ഓരോ നീക്കത്തിലും പ്രകടമാണ്.
ബോബ് ഹൂട്ടന്‍ പരിശീലകനായിരുന്ന 2007ലും 2009ലുമാണ് ഇന്ത്യ ഇതിനു മുമ്പ് നെഹ്രുകപ്പ് നേടിയത്. കളിച്ച മത്സരങ്ങളെല്ലാം തോറ്റ നേപ്പാളിനെ സംബന്ധിച്ചിടത്തോളം ഇന്ത്യക്കെതിരേയുള്ള മത്സരം അഭിമാനത്തിന്റെ പോരാട്ടം കൂടിയാണ്. ആദ്യ മത്സരത്തില്‍ നേപ്പാള്‍ മാലിദ്വീപിനോട് 2-1നും രണ്ടാമത്തെ മത്സരത്തില്‍ കാമറൂണിനോട് 5-0നുമാണ് തോറ്റത്.
തിങ്കളാഴ്ച നടന്ന മത്സരത്തില്‍ മാലി ദ്വീപ് കരുത്തരായ സിറിയയെ 2-1ന് തോല്‍പ്പിച്ചു. സ്‌ട്രൈക്കര്‍ അലി അഷ്ഫാഖിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ദ്വീപ് ടീമിന് അനുഗ്രഹമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല