ചന്ദ്രനില്‍ കാലുകുത്തിയ ആദ്യ മനുഷ്യനും അമേരിക്കന്‍ ഗഗനസഞ്ചാരിയുമായ നീല്‍ആംസ്ട്രോങ് (82) അന്തരിച്ചു.ഹൃദയശസ്ത്രക്രിയക്കു ശേഷം ആശുപത്രിയില്‍ വിശ്രമിക്കുമ്പോഴായിരുന്നു അന്ത്യം.അമേരിക്കന്‍ നാവികസേനയില്‍ ഉദ്യോഗസ്ഥനായിരുന്ന നീല്‍ആംസ്ട്രോങ് പിന്നീടു നാസയില്‍ എയ്റോസ്പേസ് എന്‍ജിനീയറായി ചേരുകയായിരുന്നു.
ലോകത്തെ വിസ്മയിപ്പിച്ച ചാന്ദ്രദൌത്യത്തിലൂടെ 1969 ജൂലൈ 20 നാണ് നീല്‍ആംസ്ട്രോങും സംഘവും ചന്ദ്രനില്‍ കാലുകുത്തുന്നത്.അപ്പോളോ 11 വാഹനമാണ് ഇവരെ ചന്ദ്രനിലെത്തിച്ചത്.ഒരുപാടു നീണ്ട ഒരുക്കങ്ങള്‍ക്കു പരീക്ഷണങ്ങള്‍ക്കും ശേഷമാണ് നീല്‍ ആംസ്ട്രോങ്, എഡ്വിന്‍ ആല്‍ഡ്രിന്‍, മൈക്കല്‍ കോളിന്‍സ് എന്നിവര്‍ ഉള്‍പ്പെട്ട അപ്പോളോ 11 സംഘം യാത്രതിരിച്ചത്. രണ്ടര ദിവസം നീണ്ട യാത്രയ്ക്കു ശേഷം ചന്ദ്രന് അരികിലെത്തി. വേഗം കുറച്ച് കുറച്ച് അപ്പോളോ 11 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചു.
കോളിന്‍സ് വാഹനം നിയന്ത്രിച്ച് ചന്ദ്രനെ ചുറ്റിയപ്പോള്‍ ആംസ്ട്രോങ്ങും ആല്‍ഡ്രിനും ഈഗിള്‍ എന്നു പേരിട്ട ലൂണാര്‍ മൊഡ്യൂളില്‍ കയറി ചന്ദ്രനിലേക്കിറങ്ങി ചരിത്രം സൃഷ്ടിച്ചു. 1969 ജൂലൈ 20 ന് ഈഗിള്‍ ചന്ദ്രനിലെത്തി. 21ന് പുലര്‍ച്ചെ അവര്‍ ചന്ദ്രനില്‍ ഇറങ്ങി.ആദ്യം പുറത്തിറങ്ങിയത് നീല്‍ ആംസ്ട്രോങ്ങായിരുന്നു.ചന്ദ്രനില്‍ ആദ്യമായി ഇറങ്ങിയെന്നതിന്റെ പേരില്‍ ഇത്രമാത്രം പ്രശസ്തി വേണ്ടിയിരുന്നില്ലെന്നാണ് ആംസ്ട്രോങ് പിന്നീടു ലോകത്തോടു പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല