സ്വന്തം ലേഖകൻ: സാഹസിക യാത്രകളും പര്‍വതാരോഹണവുമെല്ലാം ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ സ്വപ്‌ന ഭൂമികയാണ് നേപ്പാള്‍. നേപ്പാളിലെ നിരവധി പര്‍വതങ്ങളില്‍ സംഘം ചേര്‍ന്നും ഒറ്റയ്ക്കും ട്രക്കിങ് നടത്താന്‍ നിരവധി സഞ്ചാരികളും സാഹസികരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്താറുണ്ട്. ചില വിദേശ സഞ്ചാരികളാവട്ടെ വര്‍ഷങ്ങളോളം നേപ്പാളില്‍ താമസിച്ച് ട്രക്കിങ് നടത്തുന്നവരാണ്. ഇത്തരം സഞ്ചാരികളെ സങ്കടപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് നേപ്പാളില്‍ നിന്ന് ഇപ്പോള്‍ പുറത്ത് വരുന്നത്. ഒറ്റയ്ക്കുള്ള ട്രക്കിങ് നേപ്പാള്‍ നിരോധിച്ചിരിക്കുന്നു.
നേപ്പാള്‍ ടൂറിസം ബോര്‍ഡാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഏപ്രില്‍ ഒന്ന് മുതലാണ് ഒറ്റയ്ക്കുള്ള ട്രക്കിങിന് നേപ്പാള്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രക്കിങ് നടത്തുന്നതിന് ഗൈഡിനെ നിര്‍ബന്ധമാക്കി. വിദേശ സഞ്ചാരികള്‍ക്കാണ് ഈ നിയമം ബാധകമാവുക. സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് നേപ്പാള്‍ ടൂറിസം ബോര്‍ഡ് വക്താവ് മണിരാജ് ലാമിച്ചനെ അറിയിച്ചു.
ട്രക്കിങ്ങിനിടെ സഞ്ചാരികള്‍ ഒറ്റപ്പെട്ട് പോകുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണ് ഈ തീരുമാനം. നേപ്പാളിലെ പര്‍വതങ്ങളിലൂടെയുള്ള ട്രക്കിങ്ങുകൾ അപകടകരമാണെന്ന സന്ദേശമാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്. ഈ കാരണത്താലാണ് ട്രക്കിങുകള്‍ക്ക് ഗൈഡിനെ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തിലേക്ക് നേപ്പാള്‍ എത്തിയത്. അതോടൊപ്പം പ്രാദേശിക ട്രക്കിങ് ഗൈഡുമാര്‍ക്ക് കൂടുതല്‍ ജോലിസാധ്യത ഉറപ്പുവരുത്താനും ഈ തീരുമാനം സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നതായും ലാമിച്ചനെ വ്യക്തമാക്കി.
2019 ല്‍ മാത്രം 46000 വിദേശ സഞ്ചാരികളാണ് നേപ്പാളില്‍ സോളോ ട്രക്കിങ് നടത്തിയത്. ഒറ്റക്കുള്ള സാഹസിക സഞ്ചാരം ഇഷ്ടപ്പെടുന്നവരും ചിലവ് കുറയ്ക്കാനായി ഗൈഡുമാരെയും ഏജന്‍സികളെയും ഒഴിവാക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. വിദേശ സഞ്ചാരികള്‍ക്ക് ട്രക്കിങ്ങിന് ഗൈഡിനെ നിര്‍ബന്ധമാക്കണമെന്നുള്ളത് നേപ്പാളിലെ ട്രെക്കിങ് ഏജന്‍സീസ് അസോസിയേഷന്റെ ദീര്‍ഘനാളായുള്ള ആവശ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല