1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2015

അജിമോന്‍ ഇടക്കര

നേപ്പാളിലെ ദുരിത ബാധിതരെ സഹായിക്കുവാനായി അവര്‍ക്ക് തങ്ങളാല്‍ കഴിയും വിധം സഹായം എത്തിക്കുന്നതിന്റെ ഭാഗമായി ഫോബ്മ തുടങ്ങിവച്ച അവശ്യ വസ്തു സമാഹരണ യജ്ഞത്തിനു യൂക്കെ മലയാളികളില്‍ നിന്ന് വളരെ മികച്ച പ്രതികരണം ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത് . നന്മയുടെയും സഹജീവികളോടുള്ള കരുണയുടെയും കെടാത്ത കൈത്തിരി ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒട്ടേറെ വ്യക്തികളും സംഘടനകളും കൂട്ടായ്മകളും യൂക്കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്, നേപ്പാളില്‍ ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് സമാശ്വാസം പകരുവാന്‍, ഫോബ്മയുടെ പദ്ധതിക്ക് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ച് മുന്നോട് വന്നു കഴിഞ്ഞു. പ്രധാനമായും വസ്ത്രങ്ങളും പുതപ്പുകളും പെട്ടെന്ന് കേടാകാത്ത ഭക്ഷണ സാധങ്ങളും ആണ് ശേഖരിക്കുന്നത്. യൂക്കെയിലെ നേപ്പാളി കമ്യൂണിറ്റിയോടു സഹകരിച്ച് ജെറ്റ് എയര്‍ വെയ്‌സ് ആണു ഫോബമ്യ്ക്കു വേണ്ടി സാമഗ്രികള്‍ നേപ്പാളില്‍ എത്തിക്കുക. ഓരോ സ്ഥലത്ത് നിന്നും ശേഖരിക്കുന്ന വസ്തുക്കള്‍ തികച്ചും സൗജന്യമായി കളക്റ്റ് ചെയ്യുവാന്‍ അതാത് സ്ഥലങ്ങളിലെ ഫോബ്മ പ്രതിനിധികള്‍ സൗകര്യം ചെയ്യുന്നതായിരിക്കും .
വോക്കിങ്ങ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍, ഓക്‌സ്‌ഫോര്‍ഡ് ഓക്‌സ്മാസ് , ബെഡ്‌ഫോര്‍ഡ് മാര്‍സ്റ്റണ്‍ കേരള അസോസിയേഷന്‍, ഇപ്‌സ്വിച്ച് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍, സ്റ്റോക് ഓണ്‍ ട്രെന്റ് ഫ്രണ്ട്‌സ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍, ജയന്‍ ക്ലബ് ബര്‍മിങ്ങ്ഹാം, ഗ്ലോസ്റ്റര്‍ സെന്റ് മേരിസ് കേരള കാത്തോലിക് കമ്മ്യൂണിറ്റി, സൗത്തെന്‍ഡ് ഓണ്‍ സീ താളം ഫാമിലി ക്ലബ്, ബ്രാഡ്‌ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി എന്നീ അസോസിയേഷനുകളും കൂട്ടായ്മകളും അതാതു പ്രദേശങ്ങളിലെ കളക്ഷന്‍ കോര്‍ഡിനേറ്റ് ചെയ്യുന്നുണ്ട്. ചെംസ്‌ഫൊര്‍ഡ്, കേംബ്രിഡ്ജ്, ഹോര്‍ഷം, സാലിസ്ബറി പ്രദേശങ്ങളിലും അവശ്യ വസ്തു സമാഹരണം നടക്കുന്നുണ്ട്.

നോര്‍ത്ത്, മിഡ് ലാന്‍ഡ്‌സ് , സൌത്ത് എന്നിങ്ങനെ മൂന്നു ടീമുകള്‍ ആയിട്ടാവും ഫോബ്മ അവശ്യ വസ്തുക്കളുടെ ശേഖരണം നടത്തുക. വോക്കിങ്ങ് , ഓക്‌സ്‌ഫോര്‍ഡ്, ബര്‍മിങ്ങ്ഹാം, ഗ്ലോസ്റ്റര്‍, സ്റ്റോക് ഓണ്‍ ട്രെന്റ്, ഇപ്‌സ്വിച് , ബെഡ്‌ഫോര്‍ഡ് , ചെംസ്‌ഫോര്‍ഡ്, പീറ്റര്‍ബറോ, ലീഡ്‌സ് എന്നിവിടങ്ങളില്‍ ആണു നിലവില്‍ ഫോബ്മ കളക്ഷന്‍ സെന്ററുകള്‍ ഒരുക്കിയിരിക്കുന്നത്. ഫോബ്മയുടെ ഈ സദുദ്യമത്തില്‍ സഹകരിക്കുവാന്‍ താല്പര്യമുള്ളവരും ഇപ്പോള്‍ സമാഹരണം നടത്തി കൊണ്ടിരിക്കുന്നവരും അടുത്ത വെള്ളിയാഴ്ചക്ക് (മെയ് 8) മുന്പായി കൊടുക്കുവാന്‍ ആഗ്രഹിക്കുന്ന വസ്തുക്കള്‍ കാര്‍ഡ് ബോര്‍ഡ് ബോക്‌സില്‍ നിറച്ചു ഫോബ്മ കോര്‍ഡിനേറ്റര്‍മാരേയോ ഇന്‍ഫോ.ഫോബ്മ@ജിമെയില്‍.കോം (info.fobma@gmail.com) എന്ന ഈ മെയിലിലോ അറിയ്‌ക്കേണ്ടതാണു. പുരുഷന്മാര്‍, സ്ത്രീകള്‍, ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍ എന്നിങ്ങനെ വസ്ത്രങ്ങള്‍ ഇനം തിരിച്ചു പ്രത്യേകം ബോക്‌സുകളിലാക്കി ലേബല്‍ ചെയ്തു ലഭിച്ചാല്‍ വളരെ ഉപകാരപ്രദമായിരുന്നു. ഇനം തിരിക്കാതെ വരുന്ന വസ്ത്രങ്ങള്‍ കളക്റ്റ് ചെയ്തതിനു ശേഷം ഇനം തിരിച്ചു റീ പാക്ക് ചെയ്തിട്ടാവും കയറ്റി അയയ്ക്കുക. ഒരു പ്രദേശത്തു നിന്നുള്ള ബോക്‌സുകള്‍ ആ സ്ഥലത്തുള്ള കൂട്ടായ്മകളോ അസോസ്സിയേഷനുകളോ വഴി ഒരു സ്ഥലത്ത് ശേഖരിച്ച് അവിടെ നിന്ന് കളക്റ്റ് ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത ഞായറാഴ്ച (മെയ് 10) തന്നെ കളക്ഷന്‍ പൂര്‍ത്തികരിക്കാനാണു പദ്ധതി.

യൂക്കെയുടെ വടക്കന്‍ പ്രദേശങ്ങളിലെ വസ്ത്ര ശേഖരണം നടത്തുക ലീഡ്‌സ് കേന്ദ്രീകരിച്ച് ഫോബ്മ പ്രസിഡന്റ് ഉമ്മന്‍ ഐസക്കിന്റെ (ഫോണ്‍. 07772324510) നേതൃത്വത്തില്‍ ഉള്ള ടീം ആയിരിക്കും. മിഡ്‌ലാന്‍ഡ്‌സ് പ്രദേശത്തുള്ളവര്‍ സ്റ്റോക് ഓണ്‍ ട്രെന്റില്‍ നിന്നുള്ള ഫോബ്മ വൈസ് പ്രസിഡന്റ് ജാന്‍സി തോമസ് (ഫോണ്‍. 07891676264) ഖജാന്‍ജി ജോസ് കാച്ചപ്പിള്ളി (ഫോണ്‍ 07892703246) , ഫോബ്മ കായികവിഭാഗം കോര്‍ഡിനേറ്റര്‍ ജോഷി വര്‍ഗീസ് (ഫോണ്‍ . 07728324877), കുട്ടികളുടെ വിഭാഗം കോര്‍ഡിനേറ്റര്‍ അജിമോന്‍ ഇടക്കര (ഗ്ലോസ്റ്റര്‍ ഫോണ്‍ . 07721745515) എന്നിവരില്‍ ആരെയെങ്കിലും വിളിക്കുക . ആംഗ്ലിയ റീജിയണിലെ കളക്ഷന്റെ മേല്‍നോട്ടം ഫോബ്മ ജനറല്‍ സെക്രട്ടറി ടോമി സെബാസ്റ്റ്യന്റെ മേല്‍നോട്ടത്തില്‍ കമ്മിറ്റി മെമ്പര്‍ മാത്യൂ കുരീക്കല്‍ (ബെഡ്‌ഫോര്‍ഡ് ഫോണ്‍ . 07912450110) ആംഗ്ലിയ റീജിയണല്‍ പ്രസിഡന്റ് അബ്രാഹം മാത്യൂ (ലൂട്ടണ്‍ ഫോണ്‍, 07886591386) റീജിയണല്‍ സെക്രട്ടറി ജോമോന്‍ മാമ്മൂട്ടില്‍ (ബെഡ്‌ഫോര്‍ഡ്: ഫോണ്‍ 07930431445) എന്നിവരടങ്ങുന്ന ടീമിനായിരിക്കും. ലണ്ടന്‍ സൌത്ത് ഈസ്റ്റ് പ്രദേശത്തു നിന്നുള്ള വസ്ത്ര ശേഖരണത്തിന്റെ മേല്‍നോട്ടം ഫോബ്മ നാഷണല്‍ കമ്മിറ്റി മെമ്പര്‍ സോണി ജോര്‍ജ് (വോക്കിങ്ങ് ഫോണ്‍ . 07897927209) ജിബി വര്‍ഗീസ് (നോട്ടിംഗ് ഹാം ഫോണ്‍ 07882605030) കമ്മിറ്റി സൌത്ത് ഈസ്റ്റ് റീജിയന്‍ കമ്മീറ്റി സെക്രടറി ജിജോ അരയത്ത് (ഹേ വാഡ് ഹീത്ത് ഫോണ്‍ . 07403158044) എന്നിവര്‍ നയിക്കുന്ന ടീമിനായിരിക്കും.

മറ്റു സംഘടനകളില്‍ നിന്നും തികച്ചും വ്യത്യസ്തമായി, യാതൊരു വിധ ജാതി മത സംഘടന വേര്‍തിരിവുകളും കൂടാതെ ജന ഹൃദയങ്ങളിലെയ്ക്കിറങ്ങി ചെല്ലുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ജനോപകാര പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്തുക എന്നത് ഫോബ്മയുടെ പ്രഖ്യാപിത നയമാണ്. ഫോബ്മ പോയ വര്‍ഷം ഏറ്റെടുത്തു വിജയിപ്പിച്ച ‘ഇന്ത്യന്‍ എംബസി ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് സിസ്റ്റം ക്യാംബൈന്‍’ ഇത് പോലെ ജനോപകാരപ്രദവും ജനപിന്തുണ ലഭിക്കുകയും ചെയ്ത വിജയിച്ച ഒരു മറ്റൊരു പദ്ധതി ആണു. യൂക്കെയിലെ നേപ്പാളി കമ്മ്യൂണിറ്റികളുമായി കൂടി സഹകരിച്ചുകൊണ്ടാണു ഫോബ്മ ഈ മഹത്തായ ജീവകാരുണ്യ യജ്ഞത്തില്‍ പങ്കാളികളാവുന്നത്. നേപ്പാളില്‍ ഉണ്ടായ ഭൂകമ്പത്തില്‍ പതിനായിരത്തോളം ആളുകള്‍ മരിക്കുകയും ലക്ഷകണക്കിന് ആളുകള്‍ ഭവന രഹിതര്‍ ആകുകയും ആ രാജ്യം ഏതാണ്ട് മുഴുവനായി തന്നെ താറു മാറാകുകയും ചെയ്തു. സാമൂഹ്യ പ്രതിബദ്ധതയും പരസ്പര സാഹോദര്യവും ഉള്ള ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നത് ഫോബ്മയുടെ പ്രഖ്യാപിത നയമാണ്. ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങ് ആവുക എന്നതായിരിക്കട്ടെ നമ്മുടെ ഇടയിലെ സംഘടനകളുടെ പ്രഥമ ലക്ഷ്യം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.