1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2023

സ്വന്തം ലേഖകൻ: നേപ്പാളില്‍ 72 പേരുമായി തകര്‍ന്നുവീണ വിമാന അവശിഷ്ടങ്ങളില്‍ നിന്ന് 49 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ടു പേരെ ജീവനോടെ കണ്ടെടുത്തു. അതീവ ഗുരുതരാവസ്ഥയിലുള്ള ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കാഠ്മണ്ഡുവില്‍ നിന്ന് വിനോദ സഞ്ചാര നഗരമായ പൊഖാറയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പൊഖാറ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനും ഇടയിലുള്ള സേതി നദിയുടെ തീരത്താണ് യെതി എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണത്.

വിമാനത്താവളത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരം മാത്രമാണ് അപകടം നടന്ന സ്ഥലത്തേക്കുള്ളത്. അഞ്ച് ഇന്ത്യക്കാരടക്കം 68 യാത്രികരും, രണ്ടു പൈലറ്റുമാരും രണ്ട് എയര്‍ഹോസ്റ്റസും ഉള്‍പ്പടെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എങ്ങനെയാണ് അപകടം സംഭവിച്ചതെന്നതിന് വ്യക്തതയില്ല. സംഭവം അന്വേഷിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച രാജ്യവ്യാപകമായി ദുഃഖാചരണവും പ്രഖ്യാപിച്ചു. ഉച്ചയോടെ ചേര്‍ന്ന നേപ്പാള്‍ മന്ത്രി സഭയുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. രാജ്യത്തെ എല്ലാ ആഭ്യന്തര വിമാനങ്ങളിലും അടിയന്തര സുരക്ഷാ പരിശോധനകള്‍ നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിമാനം ഇറങ്ങുന്നതിന് തടസ്സമായി ഏതെങ്കിലും തരത്തിലുള്ള കാലവസ്ഥ പ്രശ്‌നമോ സാങ്കേതിക തകരാറോ ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. പൊഖാറ വിമാനത്താവള പരിസരത്ത് നല്ല കാലവസ്ഥയായിരുന്നു. വിമാനത്തിന് ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക തകരാര്‍ സംബന്ധിച്ചതായുള്ള സൂചനകളൊന്നും വിമാനത്താവള ടവറില്‍ ലഭ്യമായിരുന്നില്ലെന്നും അധികൃതര്‍ അവകാശപ്പെട്ടു.

നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ, ആഭ്യന്തര മന്ത്രി റാബി ലാമിച്ചാനെയ്ക്കൊപ്പം ഞായാറാഴ്ച പൊഖാറയിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് സന്ദര്‍ശനം റദ്ദാക്കിയതായാണ് വിവരം. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ 53 പേര്‍ നേപ്പാള്‍ സ്വദേശികളാണ്. അഞ്ച് ഇന്ത്യക്കാരും നാല് റഷ്യക്കാര്‍, രണ്ട് കൊറിയന്‍ പൗരന്മാർ എന്നിവരും വിമാനത്തില്‍ ഉണ്ടായിരുന്നു. അയര്‍ലന്‍ഡ്, ഓസ്‌ട്രേലിയ, അര്‍ജന്‍ന്റീന, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരും വിമാനത്തിലുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.