നേപ്പാളിനെ വിറപ്പിച്ച ഭൂചലനത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിതമായ ചരിത്ര സ്മാരകം ദരഹര ടവര്‍ തകര്‍ന്നു. ഇരുന്നൂറോളം പേര്‍ ടവറിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി രക്ഷാപ്രവര്‍ത്തകരും പൊലീസും സംശയിക്കുന്നു. പൊളിഞ്ഞു വീണ ടവറിന്റെ അവശിഷ്ടങ്ങള്‍ എടുത്തു മാറ്റി ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍. ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ട് എന്നതിനാല്‍ യന്ത്രങ്ങള്‍ വലിയ തോതില്‍ അവശിഷ്ടങ്ങള്‍ നീക്കുന്നതിനായി ഉപയോഗിക്കാന്‍ സാധിക്കില്ല. ഇത് ബോധക്ഷയം സംഭവിച്ച് കിടക്കുന്ന ആളുകളുടെ ജീവന്‍ അപായപ്പെടുത്തുന്നതിന് ഇടയാക്കും.
1832ല്‍ നിര്‍മ്മിച്ച ദരഹര ടവര്‍ കഴിഞ്ഞ 10 വര്‍ഷമായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമാണ്. പതിനാല് നിലകളുണ്ടായിരുന്ന ഈ ടവറിന്റെ കേവലം 10 മീറ്റര്‍ മാത്രമാണ് ഭൂകമ്പത്തില്‍ ബാക്കിയായത്. ഭൂകമ്പം നടക്കുന്നതിന് മുന്‍പും ഭൂകമ്പത്തില്‍ തകര്‍ന്നതിന് ശേഷവുമുള്ള ചിത്രങ്ങള്‍ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാവിലെ ഭൂകമ്പമുണ്ടായപ്പോള്‍ ട്വിറ്ററില്‍ ആളുകള്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു ടെലിവിഷന്‍ ചാനലുകള്‍ പോലും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തുടക്കത്തില്‍ അപകട വിവരങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. സംഭവം കഴിഞ്ഞ് രണ്ട് മണിക്കൂറെങ്കിലും കഴിഞ്ഞാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ മരണസംഖ്യകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്.
അതേസമയം ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 700 ഓളമായിട്ടുണ്ട്. പരുക്കേറ്റവരെ കൊണ്ട് നേപ്പാളിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല