നേപ്പാളിലെ ഭൂകമ്പ ദുരിതത്തില്‍പ്പെട്ട് കിടക്കുന്ന 14 ലക്ഷം ആളുകള്‍ക്ക് ഭക്ഷണം കഴിക്കാന്‍ ഉടനടി സഹായം എത്തിക്കണമെന്ന് ഐക്യരാഷ്ട്രസഭ. യുഎന്‍ ആസ്ഥാനമായ ജെനീവയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് യുഎന്‍ വക്താവ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കെട്ടിടം തകര്‍ന്ന് വീണും വാഹനം മറിഞ്ഞുമൊക്കെയായി പരുക്കേല്‍ക്കുകയും ചെയ്തതിലൂടെ ഭൂകമ്പത്താല്‍ ബാധിക്കപ്പെട്ടവരുടെ എണ്ണം 80 ലക്ഷമാണെന്ന് യുഎന്‍ വക്താവ് പറഞ്ഞു. നേപ്പാളിലെ 39 ജില്ലകളായിതാമസിക്കുന്ന ആളുകള്‍ക്കാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചിരിക്കുന്നത്. ദുരിത ബാധിതരായ ആളുകള്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നതിനായി സെന്‍ട്രല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ഫണ്ടില്‍നിന്ന് 15 മില്യണ്‍ ഡോളര്‍ സംഭാവനയായി നല്‍കുമെന്ന് യുഎന്‍ അറിയിച്ചു. ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട ആളുകള്‍ക്ക് അഭയകേന്ദ്രങ്ങള്‍ സ്ഥാപിക്കാനും, മരുന്നിനും, ഭക്ഷണത്തിനും വസ്ത്രങ്ങള്‍ക്കും വേണ്ടിയാണ് ഈ തുക ഉപയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
നിരവധി അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച ഭക്ഷണവും മറ്റു സാധനങ്ങളും നേപ്പാളിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്. ട്രക്കുകളിലായി എത്തിക്കുന്ന ഭക്ഷണം ഇന്ന് നേപ്പാളില്‍ എത്തും. അവിടെ സ്ഥാപിച്ചിരിക്കുന്ന 30 ഓളം ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് ഭക്ഷണങ്ങളും മറ്റ് സാധനങ്ങളും എത്തിക്കുന്നത്.
എല്ലാം തകര്‍ന്ന നേപ്പാളിന് ഉടനടി ലോകജനതയുടെ സഹായം ആവശ്യമുണ്ടെന്നും യുഎന്‍ അറിയിച്ചു. വീടും അഭയകേന്ദ്രവും നഷ്ടപ്പെട്ടവര്‍ക്ക് കമ്പിളിപുതപ്പ്, കുടിവെള്ളം, മരുന്നുകള്‍, സോപ്പ് തുടങ്ങി നിരവധി സാധന സാമഗ്രികള്‍ ആവശ്യമായുണ്ടെന്നും യുഎന്‍ അറിയിച്ചു. അതേസമയം നേപ്പാളിലെ ദുരിത ബാധിതരെ സഹായിക്കണമെന്ന് ഫെയ്‌സ്ബുക്ക് ഉപയോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. ഇന്റര്‍നാഷ്ണല്‍ മെഡിക്കല്‍ കോര്‍പ്‌സിനെ സഹായിക്കാനാണ് ഫെയ്‌സ്ബുക്ക് ധനസഹായം അഭ്യര്‍ത്ഥിക്കുന്നത്. ഉപയോക്താക്കളുടെ സംഭാവനയ്ക്ക് തുല്യമായ തുക ഫെയ്‌സ്ബുക്കും നല്‍കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല