സ്വന്തം ലേഖകന്‍: ഭൂകമ്പം നിലം പരിശാക്കിയ നേപ്പാളില്‍ ഭൂമിക്ക് കലിയടങ്ങുന്നില്ല. ഇന്നലെ തുടര്‍ച്ചയായുണ്ടായ നാലു ഭൂകമ്പങ്ങളില്‍ 57 പേര്‍ മരിച്ചു. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഏഴോളം ചെറുചലനങ്ങളും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് സൂചന.
ഭൂകമ്പത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന കാഠ്മണ്ഡു വിമാനത്താവളം തുറന്നു കൊടുത്തു. രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇവിടെ ഉണ്ടായിരുന്ന ഇന്ത്യന്‍ വ്യോമസേനയുടെ എംഐ 17 ഹെലിക്കോപ്റ്ററിനെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ എവറസ്റ്റിന് സമീപമുള്ള നാംചേ ബാസാറിലേക്ക് അയച്ചിട്ടുണ്ട്.
ഏപ്രില്‍ 25 ന് ഉണ്ടായ ശക്തമായ ഭൂകമ്പം താറുമാറാക്കിയ നേപ്പാളിലെ ജനങ്ങളുടെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുമ്പോഴാണ് വീണ്ടും നാലു ഭൂകമ്പങ്ങള്‍ ഉണ്ടായത്. ഉച്ചയ്ക്ക് 12.35 നുണ്ടായ ആദ്യ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 7.3 ഉം ഒരു മണിയോടെയുണ്ടായ രണ്ടാമത്തെ ഭൂകമ്പം 6.9 ഉം രേഖപ്പെടുത്തി. ഇതിന് പിന്നാലെ റിക്ടര്‍ സ്‌കെയിലില്‍ 5.4 ഉം 4.8 ഉം രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളും അനുഭവപ്പെട്ടു.
രാജ്യത്ത് പലയിടത്തും കെട്ടിടങ്ങളും മറ്റും തകര്‍ന്നതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാഠ്മണ്ഡുവില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ കൊടാരിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. കഴിഞ്ഞ മാസം ഉണ്ടായ ഭൂകമ്പത്തില്‍ 8150 പേരാണ് ഇതുവരെ മരിച്ചത്.
നിരവധി കെട്ടിടങ്ങളും ചരിത്രപ്രധാനമായ സ്ഥലങ്ങളും ഭൂകമ്പത്തില്‍ തകര്‍ന്നിടിഞ്ഞു. അതേസമയം, അഫ്ഗാനിസ്ഥാന്‍, ഇന്‍ഡോനേഷ്യ എന്നിവിടങ്ങളും ഭൂമി കുലുങ്ങി. രാവിലെ 11.40 ന് അഫ്ഗാനിലുണ്ടായ ഭൂകമ്പത്തിന്റെ തീവ്രത 4.7 ഉം 11.57 ന് ഇന്‍ഡോനേഷ്യയിലുണ്ടായ ഭൂകമ്പത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 5.1 ഉം രേഖപ്പെടുത്തിയതായി ഭൗമശാസ്ത്ര പഠനകേന്ദ്രം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല