സ്വന്തം ലേഖകന്‍: ഇന്ത്യ അടക്കമുള്ള 34 രാജ്യങ്ങളോട് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഭൂകമ്പം നടന്ന് ഒമ്പത് ദിവസം കഴിഞ്ഞതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പുനരധിവാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് വിദേശസംഘങ്ങളോട് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ 25നുണ്ടായ ഭൂകമ്പത്തില്‍ നേപ്പാളില്‍ ഏഴായിരത്തിലേറെ പേരാണ് മരിച്ചത്. ഭൂകമ്പ മാപിനിയില്‍ 7.9 രേഖപ്പെടുത്തിയ ഭൂകമ്പത്തിനുശേഷം ഏറ്റവുമാദ്യം നേപ്പാളിന് സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സാണ് നേപ്പാളില്‍ ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. 50 പേരടങ്ങിയ 16 ടീമുകളാണ് നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ഇന്ത്യക്ക് പുറമേ ജപ്പാന്, തുര്‍ക്കി, ഉക്രൈന്, യു.കെ, നെതര്‍ലണ്ട് എന്നീ രാജ്യങ്ങളോടും രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നേപ്പാള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെ നേപ്പാളില്‍ കടുത്ത പ്രതിഷേധം പടര്‍ന്നത് വാര്‍ത്തയായിരുന്നു. ഇന്ത്യന്‍ രക്ഷാ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നരേന്ദ്ര മോദി അനുകൂല പ്രചാരണവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുവരെ തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള ഇടപെടലുകളുമാണ് കടുത്ത പ്രതിഷേധത്തിന് കാരണമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല