സ്വന്തം ലേഖകന്‍: ശനിയാഴ്ച നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരം കവിയുമെന്ന് നേപ്പാള്‍ പ്രധാന മന്ത്രി സുശീല്‍ കൊയ്രാള അറിയിച്ചു. നിലവില്‍ 5,000 ത്തോളം പേരാണ് മരിച്ചതായി കണക്കാക്കുന്നത്. എന്നാല്‍ തകര്‍ന്നു തരിപ്പണമായ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ ധാരാളം കുന്നുകൂടി കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത.
അതേസമയം കനത്ത മഴയും ഇടിമിന്നലും രക്ഷാപ്രവര്‍ത്തകരേയും രക്ഷപ്പെട്ടവരേയും വലക്കുകയാണ്. ഭൂകമ്പം അതിജീവിച്ചവര്‍ക്കായുള്ള ക്യാമ്പുകളില്‍ ഭക്ഷണ ക്ഷാമം അതിരൂക്ഷമാണ്. കാഠ്മണ്ഡുവിലും സമീപ പ്രദേശങ്ങളിലും കൂട്ട ശവസംസ്ക്കാരങ്ങള് നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ദുരന്തമുണ്ടായി നാലാം ദിവസം പിന്നിടുമ്പോള്‍ നേപ്പാളിന്റെ എല്ലാ മേഖലയിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല.
39 ജില്ലകളിലായി എണ്‍പതുലക്ഷം ജനങ്ങളെ ദുരന്തം ബാധിച്ചതായാണ് യുഎന്നിന്റെ കണക്ക്. പത്തുലക്ഷം കുട്ടികള്‍ കടുത്ത ദുരിതമനുഭവിക്കുന്നതായി യൂനിസെഫ് വ്യക്തമാക്കിയിട്ടുണ്ട്. മരുന്നുകളും അവശ്യവസ്തുക്കളുമായി വിവിധ രാജ്യങ്ങളില്‍നിന്ന് സഹായം പ്രവഹിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ത്യ ഉള്‍പെടെയുളള രാജ്യങ്ങളില്‍ നിന്നുളള സൈന്യവും ദുരന്തനിവാരണസേനയും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്.
അതിനിടെ ഭൂകമ്പത്തില്‍ കാണാതായ രണ്ട് മലയാളി ഡോക്ടര്‍മാരും മരിച്ചതായി സ്ഥിരീകരിച്ചു. കണ്ണൂര്‍ കേളകം സ്വദേശി ദീപക് തോമസ്?,? കാസര്‍കോട് സ്വദേശി എഎസ് ഇര്‍ഷാദ് എന്നിവരാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുത്ത് കാഠ്മണ്ഡുവിലെ ത്രിഭുവന്‍ ആശുപത്രിയിലെത്തിക്കും മുന്നെ ഇവര്‍ മരിച്ചിരുന്നു.
റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം മൂലം കാഠ്മണ്ഡുവിനു താഴെ ഭൗമഫലകം മൂന്നു മീറ്റര്‍ തെക്കോട്ടു നീങ്ങിയതായി ഭൗമ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. എന്നാല്‍ ഇത് എവറസ്റ്റ് കൊടുമുടിയെ ബാധിച്ചിട്ടില്ലെന്നാണു പ്രാഥമിക നിഗമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല