സ്വന്തം ലേഖകന്‍: വെള്ളപ്പൊക്ക ഭീഷണി, എവറസ്റ്റ് കൊടുമുടിയിലെ കൂറ്റന്‍ തടാകം നേപ്പാള്‍ വറ്റിച്ചു. തടാകം നിറഞ്ഞ് മഞ്ഞുമല തകര്‍ന്നാല്‍ ആയിരക്കണക്കിനു ജനങ്ങളുടെ ജീവന്‍ അപകടത്തിലാകും എന്നതിനാലാണ് തടാകം തകര്‍ത്തതെന്ന് നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു. കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് ഹിമാലയത്തിലെ മഞ്ഞുമലകളില്‍ രൂപപ്പെട്ടിരിക്കുന്ന കൂറ്റന്‍ തടാകങ്ങള്‍ ഏതു നിമിഷവും തകരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
എവറസ്റ്റ് കൊടുമുടിയില്‍ 16,437 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇംജാ ടിഷോ തടാകമാണ് സൈന്യം ആറുമാസംകൊണ്ട് വറ്റിച്ചത്. 45 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ പ്രത്യേക തുരങ്കം പണിതാണ് തടാകത്തിലെ ജലം ഒഴുക്കികളഞ്ഞത്. ഏപ്രിലില്‍ ആരംഭിച്ച വറ്റിക്കല്‍ പ്രവൃത്തിയില്‍ നാല്‍പ്പത് സൈനികരും നൂറോളം പ്രദേശവാസികളും പങ്കുചേര്‍ന്നു. ഹിമാലയത്തില്‍ ഏറ്റവും വേഗത്തില്‍ ഉരുകുന്ന മഞ്ഞുമലയും ഇതാണ്.
എവറസ്റ്റ് കൊടുമുടിയില്‍ മഞ്ഞുരുകിയുണ്ടാക്കുന്ന വെള്ളം പര്‍വതമടക്കുകളിലും മറ്റും ഒഴുകിയെത്തി തടാകമായി രൂപപ്പെടുകയാണ്‍` ചെയ്യുന്നത്. ഇത് ഏതെങ്കിലും സമയത്തു പൊട്ടിയൊലിച്ചാല്‍ വന്‍ വെള്ളപ്പൊക്കം ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയത്. കഴിഞ്ഞവര്‍ഷം, നേപ്പാളിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ ആയിരക്കണക്കിനു പേര്‍ മരിച്ചിരുന്നു.
വെള്ളപ്പൊക്ക ഭീഷണി ഉയര്‍ത്തുന്ന കൂടുതല്‍ തടാകങ്ങള്‍ വറ്റിക്കാനുള്ള ശ്രമവും നേപ്പാള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഇംജോ പോലെ ചെറുതും വലുതുമായ മൂവായിരത്തിലേറെ തടാകങ്ങളാണ് എവറസ്റ്റിലുള്ളത്. ഈ നൂറ്റാണ്ട് അവസാനിക്കും മുന്‍പേ തന്നെ എവറസ്റ്റിലെ 70 ശതമാനം മഞ്ഞുപാളികളും ഉരുകി ഇല്ലാതാവുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല