സ്വന്തം ലേഖകന്‍: നേപ്പാളിലൂടെ ഇന്ത്യയിലേക്ക് തീവണ്ടിയോടിക്കാമെന്ന് ചൈന. ഇന്ത്യ, നേപ്പാള്‍, ചൈന ഇടനാഴി വികസനത്തിന്റെ നാഴികക്കല്ലായിരിക്കുമെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയത്തിലെ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഹുയാങ് ഷിലിയന്‍ പറഞ്ഞു. ഈ നിര്‍ദേശത്തോടു മേയില്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ചരീതിയില്‍ പ്രതികരിച്ചതായും ഷിലിയന്‍ പറഞ്ഞു.
ചൈനയില്‍ നിന്നു ടിബറ്റിലൂടെ നേപ്പാള്‍ വഴി ഇന്ത്യയിലേക്കു റയില്‍വേ ലൈന്‍ നിര്‍മിക്കണമെന്നതു ചൈനയുടെ അഭിലാഷമാണെന്നും ഷിലിയന്‍ പറഞ്ഞു. ഇന്ത്യ താല്‍പര്യമെടുത്താന്‍ ചൈന മുന്‍കൈയെടുക്കും.
നേപ്പാളിന്റെ പുനരുദ്ധാരണം ലക്ഷ്യമാക്കി കഠ്മണ്ഡുവില്‍ കഴിഞ്ഞ മാസം നടന്ന ലോകരാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ഇടനാഴിയുടെ കാര്യം ചര്‍ച്ച ചെയ്തിരുന്നു. പദ്ധതി നടപ്പില്‍വരുന്നതു സംബന്ധിച്ചുള്ള പഠനം ചൈന നടത്തുമെന്നും മൂന്നു രാജ്യങ്ങള്‍ക്കും നേട്ടമുണ്ടാകുന്ന തരത്തില്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എവറസ്റ്റ് കൊടുമുടി തുരന്ന് 540 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗ റയില്‍പ്പാത നിര്‍മിക്കുന്നതിനെപ്പറ്റി വന്ന വാര്‍ത്ത റയില്‍വേയില്‍ നിന്നു വിരമിച്ച ഒരു ഉദ്യോഗസ്ഥന്റെ ഭാവനാസൃഷ്ടി മാത്രമായിരുന്നുവെന്നും വക്താവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല