സ്വന്തം ലേഖകന്‍: നേപ്പാള്‍ പതിയെ ഇന്ത്യയെ വിട്ട് ചൈനയുടെ തോളിലേക്ക് ചായുന്നു, ഇന്ധന ക്ഷാമത്തില്‍ വലയുന്ന നേപ്പാളിന് ഇന്ധനവുമായി ചൈന.
ഇന്ത്യയുമായി അകലുന്ന അയല്‍ രാജ്യങ്ങളെ തങ്ങളുടെ പക്ഷത്താക്കുന്ന തന്ത്രം ചൈന നേപ്പാളിലും പയറ്റുന്നതായാണ് നിരീക്ഷികര്‍ കരുതുന്നത്.
നേരത്തെ ശ്രീലങ്കയിലും ചൈന ഇതേ തന്ത്രം പ്രയോഗിച്ചിരുന്നു. നേപ്പാളുമായി ചൈന നയതന്ത്ര വ്യാപാര ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കാണിക്കുന്ന ആവേശം ഇന്ത്യയെ അസ്വസ്ഥമാക്കുന്നുണ്ട്. നേപ്പാളിന് 30000 ലിറ്റര്‍ ഇന്ധനം അയക്കാന്‍ ചൈന ഒരുങ്ങുന്നതായാണ് ഏറ്റവും പുതിയ വാര്‍ത്ത. വടക്ക് പടിഞ്ഞാറന്‍ നേപ്പാളിലെ ഹുംല ജില്ലക്കാരുടെ ആവശ്യപ്രകാരമാണ് 30000 ലിറ്റര്‍ ഇന്ധനം ചൈന നേപ്പാളിലേയ്ക്ക് അയക്കുന്നത്.
ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഹില്സയിലൂടെയാണ് ഇന്ധനം കൊണ്ടുവരുന്നത്.നേപ്പാളുമായി 1.3 മില്യണ്‍ ലിറ്ററിന്റെ ഇന്ധന കരാറില്‍ ചൈന ഒപ്പുവച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമെന്നോണം 144,000 ലിറ്റര്‍ ഇന്ധനം നേപ്പാളിലേയ്ക്ക് ഇതിനോടകം തന്നെ അയച്ചിരുന്നു.
നേപ്പാളിലേയ്ക്ക് 33 ശതമാനം ഇന്ധനം എത്തിയ്ക്കാനുള്ള കരാറിലാണ് ചൈന ഒപ്പുവച്ചത്. ഇന്ത്യയുടെ കുത്തകയായിരുന്ന ഇന്ധന വ്യാപാരത്തിലാണ് ഇതോടെ ചൈന കടന്നു കയറുന്നത്. ഇന്ത്യാ വിരുദ്ധ വികാരം വളര്‍ന്നു വരുന്നതിനിടയില്‍ നേപ്പാള്‍ ജനതയാണ് ചൈനയില്‍ നിന്നും ഇന്ധനം ഇറക്കുമതി ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല