സ്വന്തം ലേഖകൻ: നേപ്പാൾ വിമാനാപകടത്തിനു തൊട്ടുമുൻപ് വിമാനത്തിൽനിന്ന് ഒരാൾ ഫെയ്സ്‌ബുക് ലൈവിൽ വന്നുവെന്ന തരത്തിലുള്ള വിഡിയോ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആ ഫെയ്സ്ബുക് ദുരന്തത്തിനു കാരണമായോ എന്ന ചോദ്യവും ശക്തം. എന്നാൽ, ഈ വിഡിയോ ഫെയ്സ്ബുക് ലൈവ് അല്ലെന്നും മൊബൈലിൽ പകർത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും വാദമുണ്ട്.
വിമാനാപകടത്തിൽ മരിച്ച അഞ്ച് ഇന്ത്യക്കാരിൽ നാലുപേരാണ് ഫെയ്സ്ബുക് ലൈവ് വിഡിയോയ്ക്ക് പിന്നിലെന്ന് കരുതുന്നത്. എന്നാൽ വൈ-ഫൈ ലഭ്യമല്ലാത്ത വിമാനത്തില്‍നിന്ന് എങ്ങനെ ഫെയ്സ്ബുക് ലൈവ് സാധ്യമായി എന്നതു ചർച്ചയാണ്. ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിൽ നിന്നുള്ള നാല് പേർ യെതി എയർലൈൻസ് ഫ്ലൈറ്റിലെ തങ്ങളുടെ അനുഭവം 1.30 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട്.
അവരിൽ ഒരാൾ ‘ഞങ്ങൾ ഇത് ആസ്വദിക്കുന്നു’ എന്നു പറയുന്നത് കേൾക്കാം. സോനു ജയ്‌സ്വാള്‍ എന്ന യാത്രക്കാരന്റെ ഫെയ്സ്ബുക് അക്കൗണ്ടിൽനിന്നാണ് ലൈവ് പോയതെന്ന് ഫാക്ട് ചെക്ക് വെബ്സൈറ്റായ ‘ബൂംലൈവ്’ വ്യക്തമാക്കുന്നുണ്ട്. വിഡിയോയുടെ അവസാനം വിമാനം പെട്ടെന്ന് തിരിയുന്നതും തീപിടിക്കുന്നതും കാണാം.
വിദഗ്ധരുടെ അഭിപ്രായത്തിൽ ഒരു സാധാരണ വിമാനത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയില്ല. (ലോകത്തെ മുൻനിര എയർലൈനുകൾ ചില ക്ലാസുകളിൽ വൈ-ഫൈ നൽകുന്നുണ്ട്, അതും ചില റൂട്ടുകളിൽ മാത്രം) എന്നാൽ ടേക്ക് ഓഫ് ലാൻഡിങ് സമയങ്ങളിൽ അവരും മൊബൈൽ ഉപയോഗിക്കാൻ സമ്മതിക്കാറില്ല.
വിമാനം കരയിലേക്ക് അടുക്കുകയും അടുത്തുള്ള ടെലികോം ടവറുകളുടെ പരിധിയിൽ വരികയും ചെയ്യുമ്പോൾ, ചില ഉപകരണങ്ങൾക്ക് സിഗ്നൽ ലഭിക്കുകയും മൊബൈൽ ഡേറ്റ സജീവമാവുകയും ചെയ്യുന്ന പതിവുണ്ട്. നേപ്പാളിലെ പൊഖാറയിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം നദീതടത്തിൽ തകർന്നു വീഴുമ്പോൾ എഫ്ബി ലൈവ് വിഡിയോ ഇന്റർനെറ്റ് ഉപയോഗിക്കാതെ മൊബൈലിൽ പകർത്തിയതാകാം. വിമാനത്തിന്റെ ലാൻഡിങ് നിമിഷം സ്മാർട് ഫോൺ സിഗ്നൽ പിടിച്ചെടുത്തിരിക്കാം.
ലാൻഡിങ്ങിനിടെ പെട്ടെന്ന് നെറ്റ്‌വർക്ക് ലഭിക്കുകയും എഫ്ബിയിലേക്ക് വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കാമെന്നുമാണ് സാങ്കേതിക വിദഗ്ധൻ, വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞത്. ദുരന്തസമയത്തെ ഈ എഫ്ബി ലൈവ് വിഡിയോ വാർത്ത ഇപ്പോൾ കൂടുതൽ വിമാന യാത്രക്കാർക്കിടയിൽ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. വിമാന യാത്രയിൽ ഫോൺ ഫ്ളൈറ്റ് മോഡിലേക്ക് മാറ്റിയില്ലെങ്കിൽ കാര്യമായ ഭീഷണി ഇല്ലെങ്കിലും ടേക്ക് ഓഫ്, ലാൻഡിങ് സമയങ്ങളിൽ ഫോൺ ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലതെന്നും വിദഗ്ധര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല