സ്വന്തം ലേഖകന്‍: ബന്ധു നിയമന വിവാദം സൗദിയിലും, മന്ത്രിയെ പുറത്താക്കി അന്വേഷണം പ്രഖ്യാപിച്ചു, തലപ്പത്ത് വന്‍ അഴിച്ചുപണി. ബന്ധുനിയമനത്തില്‍ ആരോപണവിധേയനായ സൗദി സിവില്‍ സര്‍വീസ് മന്ത്രി ഖാലിദ് അല്‍ അറജിന്റെ മന്ത്രിസ്ഥാനമാണ് തെറിച്ചത്. മന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച സല്‍മാന്‍ രാജാവ് ഗവര്‍ണര്‍മാര്‍, മന്ത്രിമാര്‍, അംബാസഡര്‍മാര്‍ എന്നിവരെയും മാറ്റി. സര്‍ക്കാര്‍ ജീവനക്കാരുടെ വെട്ടിക്കുറച്ച അലവന്‍സുകള്‍ പുനഃസ്ഥാപിക്കാനും രാജാവ് ഉത്തരവിട്ടു.
ഹാഇല്‍, അല്‍ബാഹ, വടക്കന്‍ അതിര്‍ത്തി പ്രവിശ്യകള്‍ എന്നിവിടങ്ങളിലെ ഗവര്‍ണര്‍മാരെയാണ് മാറ്റിയത്. യമന്‍ യുദ്ധത്തില്‍ പങ്കെടുക്കുന്ന സൗദി സൈനികര്‍ക്കും അതിര്‍ത്തിരക്ഷാ സേനയിലെ ഭടന്‍മാര്‍ക്കും രണ്ടുമാസത്തെ അധിക ശമ്പളം വിതരണം ചെയ്യും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ത്തിവെച്ചിരുന്ന അലവന്‍സുകള്‍ പുനഃസ്ഥാപിക്കാന്‍ രാജാവ് ഉത്തരവിട്ടത് നിരവധി സര്‍ക്കാര്‍ ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസമാകും.
വിദ്യാര്‍ഥികളുടെ വാര്‍ഷിക പരീക്ഷ റമദാന് മുമ്പ് പൂര്‍ത്തിയാക്കും. അമീര്‍ ഖാലിദ് ബിന്‍ സല്‍മാനെ അമേരിക്കയിലെ സൗദി അംബാസഡറായി നിയമിച്ചതായും റോയല്‍ കോര്‍ട്ട് വിജ്ഞാപനം വ്യക്തമാക്കി. ഒരു വര്‍ഷം മുന്‍പ് സ്ഥാനമേറ്റ പ്രിന്‍സ് അബ്ദുള്ള ബിന്‍ ഫൈസല്‍ ബിന്‍ തുര്‍ക്കിയെ മാറ്റിയാണ് ഖാലിദ് ബിന്‍ സല്‍മാനെ നിയമിച്ചത്. സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മുഹമ്മദ് ബിന്‍ സാലിഹ് അല്‍ ഗുഫൈലിനെയും നിയമിച്ചു. ആദ്യമായാണ് സൗദി അറേബ്യയില്‍ സുരക്ഷാ ഉപദേഷ്ടാവിനെ നിയമിക്കുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല