ഇന്ത്യന്‍ വിപണികളില്‍ നേരിട്ട തിരിച്ചടിക്കു പിന്നാലെ ആഗോളതലത്തിലും നെസ്‌ളെ തിരിച്ചടി നേരിടുന്നു. ഇന്ത്യയില്‍ നിന്നുള്ള മാഗി നൂഡില്‍സ് ഇനി മുതല്‍ ബഹ്‌റൈനിലും വില്‍ക്കേണ്ടതില്ലെന്നാണ് ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി നെസ്ലെയുടെ ഇന്ത്യന്‍ യൂണിറ്റില്‍ നിര്‍മ്മിച്ച് ബഹ്‌റൈന്‍ വിപണിയിലെത്തിക്കുന്ന നൂഡില്‍സ് പിടിച്ചെടുക്കാന്‍ ആരോഗ്യമന്ത്രി സാദിക് ബിന്‍ അബ്ദുല്‍ കരീം അല്‍ സഹീബി നിര്‍ദേശം നല്‍കി. മാഗി നൂഡില്‍സ് രാജ്യത്തേക്ക് കടത്തുന്നത് കര്‍ശനമായി തടയാന്‍ പരിശോധനകള്‍ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇന്ത്യയിലെ മാഗിയില്‍ അനുവദിനീയമായതില്‍ കൂടുതല്‍ ഭക്ഷ്യമായം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ഇതേതുടര്‍ന്നാണ് ബഹ്‌റൈനും ഇപ്പോള്‍ ഉത്പന്നത്തിന് നിരോധനവുമായി രംഗത്തെത്തിയിരിക്കുന്നത്.
രാജ്യത്തെ വിവിധ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനകളില്‍ മാഗിയുടെ 360 പാക്കറ്റുകള്‍ ഇതുവരെ പിടിച്ചെടുത്തെന്നും വരും ദിവസങ്ങളില്‍ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രാലയ വക്താവ് അറിയിച്ചു. അമിതമായ അളവില്‍ ലെഡിന്റെയും എം.എസ്.ജിയുടെയും സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മാഗിക്ക് നിരോധനമേര്‍പ്പെടുത്തിയത്. 2.5 പി.പി.എം മാത്രമാണ് ഭക്ഷ്യവസ്തുക്കളില്‍ ലെഡിന്റെ അനുവദനീയമായ അളവ് . എന്നാല്‍ ഇന്ത്യയിലെ സാമ്പിളുകളില്‍ നടത്തിയ പരിശോധനകളില്‍ 2.8 പി.പി.എം മുതല്‍ 5 പി.പി.എം വരെയാണ് ലെഡിന്റെ അംശം കണ്ടെത്തിയിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല