സ്വന്തം ലേഖകന്‍: മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ കനത്ത നാശം വിതച്ച നേറ്റ് കൊടുങ്കാറ്റ് അമേരിക്കന്‍ തീരത്ത്, മിസിസിപ്പിയില്‍ പേമാരിയും മണ്ണിടിച്ചിലും. കാറ്റ് ശക്തമായതിനെ തുടര്‍ന്ന് മിസിസിപ്പിയുടെ തീരപ്രദേശങ്ങളില്‍ കനത്ത പേമാരിയും മണ്ണിടിച്ചിലും തുടരുകയാണേന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് മാസത്തിനിടെ യുഎസില്‍ ആഞ്ഞടിക്കുന്ന നാലാമത്തെ ചുഴലിക്കാറ്റാണ് നേറ്റ്.
മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗതയാണ് ഇപ്പോള്‍ കാറ്റിന്റെ തീവ്രത. എപ്പോള്‍ വേണമെങ്കിലും കൂടുതല്‍ ശക്തി പ്രാപിക്കാന്‍ ശേഷിയുള്ള നേറ്റ് മിസിസിപ്പി തീരങ്ങളിലും കിഴക്കന്‍ പ്രദേശങ്ങളിലും വലിയ നാശനഷ്ടങ്ങള്‍ തന്നെ വരുത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ലൂയിസിയാന, മിസിസിപ്പി, അലബാമ, ഫ്‌ളോറിഡ എന്നീ നഗരങ്ങളില്‍ നേരത്തെ നേറ്റ് എത്തുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. ലൂയിസിയാനയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ജനങ്ങള്‍ക്ക് വേണ്ട സഹായം സര്‍ക്കാര്‍ സാധ്യമായ രീതിയില്‍ ചെയ്തു തരുമെന്ന് അദ്ദേഹം അറിയിച്ചു. തീരപ്രദേശങ്ങളില്‍ നിന്നും ദ്വീപുകളില്‍ നിന്നും ജനങ്ങളോട് ഒഴിഞ്ഞുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്. മെക്‌സിക്കോ ഉള്‍ക്കടലിലെ എണ്ണ, പ്രകൃതിവാതക ഖനന കേന്ദ്രങ്ങള്‍ അടച്ചു. ന്യൂഓര്‍ലിയന്‍സില്‍ ശനിയാഴ്ച രാവിലെ ആറു മുതല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അലബാമയില്‍ കൊടുങ്കാറ്റ് കൂടുതല്‍ ബാധിക്കാനിടയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ കെയ് ഐവി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സെന്‍ട്രല്‍ അമേരിക്കയിലെ മെക്‌സിക്കോ, കോസ്റ്റാറിക്ക, നിക്കരാഗ്വ, ഹോണ്ടൂറാസ് രാജ്യങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവുമായി ദുരിതം വിതച്ച ശേഷമാണ് നേറ്റ് അമേരിക്കയിലെത്തുന്നത്. കാറ്റിനെ തുടര്‍ന്നുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും 22 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. കോസ്റ്റോറിക്കയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. നിരവധി വിമാനസര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്. നിരവധി വീടുകളും പ്രധാന പാലങ്ങളും തകര്‍ന്നിരിക്കുകയാണ്.
ചുഴലിക്കൊടുങ്കാറ്റു മൂലം മൊത്തം അമേരിക്കയില്‍ 100 കോടി ഡോളറിന്റെ നാശനഷ്ടമാണ് പ്രതീക്ഷിക്കുന്നത്. സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ 25 കോടി ഡോളറിന്റെ നാശ നഷ്ടമുണ്ടായതായാണ് സൂചന. 70, 80 കോടി ഡോളറിന്റെ നഷ്ടം അമേരിക്കയില്‍ വരുത്തിയേക്കും. നേറ്റ് താണ്ഡവം തുടര്‍ന്നാല്‍ അമേരിക്കയില്‍ മൊത്തം 1,28,000 ഉപഭോക്താക്കള്‍ക്കു വൈദ്യുതി ഇല്ലാതായേക്കും. ഇര്‍മ, ഹാര്‍വെ എന്നീ കൊടുങ്കാറ്റുകള്‍ ഫ്‌ലോറിഡയിലും മറ്റും കനത്ത നാശം വിതച്ച് കടന്നു പോയതിനു പിന്നാലെയാണ് നേറ്റിന്റെ വരവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല