സ്വന്തം ലേഖകന്‍: നേതാജിയുടെ കുടുംബത്തെ നെഹ്രു സര്‍ക്കാര്‍ ഇരുപതു വര്‍ഷം രഹസ്യമായി നിരീക്ഷിച്ചുവെന്ന് വ്യക്തമാക്കുന്ന രഹസ്യ രേഖകള്‍ പുറത്തായി. 1948 മുതല്‍ 1968 വരെയുള്ള രണ്ടു ദശാബ്ദക്കാലമാണ് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തെ ജവഹര്‍ലാല്‍ നെഹ്രു സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിച്ചത്.
1964 മേയ് 27 ന് നെഹ്രു അന്തരിച്ചെങ്കിലും പിന്നെയും നാലു വര്‍ഷത്തേക്കു കൂടി നിരീക്ഷണം തുടര്‍ന്നു. ഇതിനെതിരെ നേതാജിയുടെ കുടുംബവും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധം ഉന്നയിച്ചിരുന്നതായും പരസ്യമാക്കിയ രേഖകളില്‍ പറയുന്നു.
ഇതു കൂടാതെ സുഭാഷ് ചന്ദ്ര ബോസിന്റെ കുടുംബാംഗങ്ങള്‍ എഴുതുന്ന കത്തുകള്‍ സര്‍ക്കാര്‍ പകര്‍ത്തുകയും ചെയ്യാറുണ്ടായിരുന്നു. ആഭ്യന്തര, വിദേശ യാത്രകളില്‍ ഇവരെ നിരീക്ഷിക്കാന്‍ ചാരന്മാന്‍മാരെ ഏര്‍പ്പെടുത്തുകയും ചെയ്തു. ആരെയൊക്കെയാണ് ഇവര്‍ കാണുന്നതെന്നും എന്താണ് സംസാരിക്കുന്നത് എന്ന് അറിയുകമായിരുന്നു ഏജന്‍സികളുടെ ലക്ഷ്യം.
നേതാജി മരിച്ചോയെന്ന കാര്യത്തില്‍ സര്‍ക്കാരിന് ഉറപ്പില്ലാതിരുന്നതു കൊണ്ടാവാം സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്ന് കരുതുന്നതായി ബിജെപി നേതാവ് എംജെ അക്ബര്‍ പറഞ്ഞു. 1957 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ ജനങ്ങളെ സംഘടിപ്പിക്കാന്‍ ശേഷിയുള്ള ഏകനേതാവ് സുഭാഷ് ചന്ദ്രബോസ് മാത്രമായിരുന്നു. ഇതായിരിക്കാം ചാര പ്രവര്‍ത്തനത്തിനു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ചാരപ്രവര്‍ത്തനത്തെ കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് സുഭാഷ് ചന്ദ്ര ബോസിന്റെ ബന്ധുക്കള്‍ സര്‍ക്കാരിനൊട് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല