സ്വന്തം ലേഖകൻ: ലോക ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ അന്വേഷണങ്ങളിലൊന്നാണ് മലേഷ്യ എയർലൈൻസിന്റെ യാത്രാവിമാനം എംഎച്ച്370 എങ്ങനെ അപ്രത്യക്ഷമായി എന്നത്. 2014 മാർച്ച് 8ന് ക്വാലലംപുരിൽനിന്നു ബെയ്ജിങ്ങിലേക്കു പറക്കുന്നതിനിടെയാണ് വിമാനം അപ്രത്യക്ഷമായത്. അന്നു തുടങ്ങിയ അന്വേഷണം ഇന്നും തുടരുകയാണ്. ഇത്രയും വലിയ വിമാനം എവിടെ പോയി? സാങ്കേതിക സംവിധാനങ്ങൾക്കൊന്നും ഇതുവരെ കൃത്യമായ തെളിവു പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
എന്നാല്‍, 2018 ല്‍ മഡഗാസ്‌കറിന് അടുത്ത് കടലില്‍ വിമാനത്തിന്റേതെന്ന് കരുതുന്ന ചില ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാൽ പ്രധാന ഭാഗങ്ങള്‍ കണ്ടെത്തുകയോ വിമാനം എവിടെയാണ് പതിച്ചതെന്നു തിരിച്ചറിയാനാകുകയോ ചെയ്തിട്ടില്ല. ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സിലുള്ള ഡോക്യുമെന്ററിയില്‍, കാണാതായ വിമാനത്തെക്കുറിച്ച് ചില വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് ഗവേഷകയായ സിന്‍ഡി ഹെന്റി.
എംഎച്370: ദ് പ്ലെയിന്‍ ദാറ്റ് ഡിസപ്പിയേഡ് എന്ന പേരിലാണ് ഡോക്യുമെന്ററി. നിലവിൽ തിരച്ചിൽ നടത്തിയതിന് ആയിരക്കണക്കിനു മൈല്‍ അകലെയായിരിക്കാം എംഎച്ച്370 പതിച്ചതെന്ന അനുമാനമാണ് വൊളന്റിയര്‍ സാറ്റലൈറ്റ് ഗവേഷകയായ സിന്‍ഡി മുന്നോട്ടുവയ്ക്കുന്നത്. ടോംനോഡ് (Tomnod) എന്ന സാറ്റലൈറ്റ് ഇമേജറി കമ്പനിയുടെ ഗവേഷകയായിരുന്നു സിന്‍ഡി. വിമാനം അപ്രത്യക്ഷമായി ദിവസങ്ങള്‍ക്കുള്ളില്‍, സൗത് ചൈന കടലില്‍ വിമാനാവശിഷ്ടങ്ങളെന്നു തോന്നിച്ച ഭാഗങ്ങള്‍ കണ്ടു എന്നാണ് ഇവർ പറയുന്നത്. അന്ന് തന്റെ കണ്ടെത്തല്‍ അവഗണിക്കപ്പെടുകയായിരുന്നു എന്ന് സിന്‍ഡി പറയുന്നു. കാരണം വിമാനം പതിച്ചത് ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് എന്നാണ് അക്കാലത്ത് പരക്കെ വിശ്വസിച്ചിരുന്നതെന്ന് അവര്‍ പറയുന്നു.
വിമാനം അപ്രത്യക്ഷമായി ഒൻപതു വര്‍ഷത്തിനു ശേഷമാണ് സിന്‍ഡിയുടെ വെളിപ്പെടുത്തല്‍. വെള്ളത്തില്‍ കണ്ട ഭാഗങ്ങളില്‍ എം (M) എന്ന് താന്‍ വ്യക്തമായി കണ്ടത് ഓര്‍ക്കുന്നുവെന്ന് അവര്‍ പറയുന്നു. ഇത് അപ്രത്യക്ഷമായ മലേഷ്യന്‍ എയര്‍ലൈന്‍സ് ബോയിങ് 777 ഫ്‌ളൈറ്റിലേതു പോലെ തന്നെയാണെന്നും അവര്‍ പറയുന്നു. വിമാനം അപ്രത്യക്ഷമായത് സൗത് ചൈന കടലിലാണ് എന്നതിന് തെളിവുണ്ടെന്നും അത് അധികൃതർ ആവര്‍ത്തിച്ചു തള്ളിക്കളയുകയായിരുന്നു എന്നുമാണ് സിന്‍ഡി ആരോപിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല