സ്വന്തം ലേഖകന്‍: നെതര്‍ലന്‍ഡ്‌സ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മാര്‍ക്ക് റട്ടെയുടെയുടെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷി, ചെറുപാര്‍ട്ടികളെ ചേര്‍ത്ത് മന്ത്രിസഭയുണ്ടാക്കുമെന്ന് റട്ടെ, കുടിയേറ്റ വിരുദ്ധ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. പ്രധാനമന്ത്രി മാര്‍ക്ക് റട്ടെയുടെ ലിബറല്‍ നിലപാടുള്ള പാര്‍ട്ടി 33 സീറ്റുകളുമായി ഏറ്റവും വലിയ കക്ഷിയായതോടെ ചെറു പാര്‍ട്ടികളെ ചേര്‍ത്തു മുന്നണിയുണ്ടാക്കി ഭരിക്കുമെന്ന് ഉറപ്പായി. കഴിഞ്ഞ രണ്ടു പൊതു തെരഞ്ഞെടുപ്പുകളിലും റട്ടെയുടെ പാര്‍ട്ടി ഒന്നാമത് എത്തിയിരുന്നെങ്കിലും ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ മുന്നണികള്‍ രൂപീകരിക്കുകയായിരുന്നു.
കുടിയേറ്റ വിരുദ്ധ നയങ്ങളുമായി പ്രചാരണം നടത്തിയ ഗേര്‍ട്ട് വില്‍ഡേഴ്‌സിന്റെ ഫ്രീഡം പാര്‍ട്ടി (പിവിവി) 150 അംഗ പാര്‍ലമെന്റില്‍ 20 സീറ്റുമായി രണ്ടാം സ്ഥാനത്തായി. തികഞ്ഞ യൂറോപ്യന്‍ യൂനിയന്‍ വിരുദ്ധത പുലര്‍ത്തുന്നയാളും കൂടിയാണ് ഗീര്‍ട് എന്നതിനാല്‍ ആശങ്കയോടെയാണ് ഇ.യു ഡച്ച് തെരഞ്ഞെടുപ്പിനെ ഉറ്റുനോക്കിയത്. ഡച്ച് ജനത ഏക യൂറോപ്പിനു ശക്തമായ പിന്തുണ നല്കിയെന്നാണു തെരഞ്ഞെടുപ്പു ഫലത്തെപ്പറ്റി ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പറഞ്ഞത്. ഫ്രാന്‍സിലെ സോഷ്യലിസ്റ്റ് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദും നെതര്‍ലന്‍ഡ്‌സിലെ ജനവിധിയെ സ്വാഗതം ചെയ്തു.
തീവ്രവാദികള്‍ക്കെതിരായ വിജയമാണി െതന്ന് ഇ.യു കമീഷണര്‍ ജീന്‍ ക്ലൗഡ് ജങ്കര്‍ വിലയിരുത്തി. ക്രിസ്ത്യന്‍ ഡെമോക്രാറ്റ് പാര്‍ട്ടിയും ലിബറല്‍ നിലപാടുകാരായ ഡി 66 പാര്‍ട്ടിയും 19 സീറ്റ് വീതം നേടിയിട്ടുണ്ട്. ഗ്രീന്‍ പാര്‍ട്ടി 14 സീറ്റ് നേടി. മുന്‍ തവണത്തേതിന്റെ മൂന്നിരട്ടിയിലേറെയാണിത്. കഴിഞ്ഞ മന്ത്രിസഭയില്‍ പങ്കാളിയായിരുന്ന സോഷ്യലിസ്റ്റുകളുടെ സീറ്റ് 14ലേക്ക് ഇടിഞ്ഞു.
അഭിപ്രായവോട്ടെടുപ്പുകളില്‍ റട്ടെയുടെ പാര്‍ട്ടിക്കൊപ്പം എത്തിയതാണു വില്‍ഡേഴ്‌സിന്റെ പാര്‍ട്ടി. വോട്ട് ചെയ്യാന്‍ പതിവില്‍ കൂടുതല്‍ പേര്‍ എത്തിയതോടെ റട്ടെ മുന്നേറി. 80.2 ശതമാനം എന്ന റിക്കാര്‍ഡ് പോളിംഗാണു നടന്നത്. ബ്രെക്‌സിറ്റിനും അമേരിക്കന്‍ തെരഞ്ഞെടുപ്പിനുംശേഷം ഉദയംചെയ്ത പോപ്പുലിസത്തെ ജനം തള്ളിക്കളഞ്ഞുവെന്ന് റുട്ടെ വിജയത്തിനുശേഷം ജനങ്ങളെ അഭിസംബോധന ചെയ്യവെ പ്രഖ്യാപിച്ചു. അടുത്ത നാലു വര്‍ഷത്തേക്ക് സുസ്ഥിര സര്‍ക്കാര്‍ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല