സ്വന്തം ലേഖകന്‍: നെതര്‍ലാന്റ്‌സില്‍ ശിരോവസ്ത്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം. ശിരോവസ്ത്രങ്ങള്‍ക്കൊപ്പം അതിനോട് സാദൃശ്യമുള്ള മറ്റു വസ്ത്രങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ബില്ലിലൂടെ. നെതര്‍ലാന്റ് പാര്‍ലമെന്റിലെ എംപിമാരാണ് ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള ബില്ലിനെ പിന്തുണച്ച് ബില്ല് പാസാക്കിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് ശിരോവസ്ത്രത്തിന് വിലക്ക്.
സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ പൊതുസ്ഥലങ്ങള്‍ സുരക്ഷിതമായിരിക്കാനാണ് നിയമം പാസാക്കിയതെന്നാണ് വിശദീകരണം. എന്നാല്‍ നിയമം ബുര്‍ഖ, നിഖാബ് എന്നിവയെ മാത്രം ലക്ഷ്യം വെച്ചാണെന്ന് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. 2016ല്‍ തന്നെ പാര്‍ലമെന്റിന്റെ ലോവര്‍ഹൌസ് നിയമം പാസാക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ആ ശ്രമം അന്ന് വിജയിച്ചിരുന്നില്ല. 2015ല്‍ സര്‍ക്കാര്‍ വൃത്തങ്ങളുടെ നിലപാട് ശിരോവസ്ത്രം ധരിക്കുന്നത് ഓരോരുത്തരുടെ വിശ്വാസത്തിന്റെ അവകാശത്തില്‍ പെടുന്ന കാര്യമാണ് എന്നായിരുന്നു.
അതേസമയം നിലവില്‍ സ്‌കൂളുകളിലും പൊതുഗതാഗത സംവിധാനങ്ങളിലും ശിരോവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതിന് ചെറിയ രീതിയില്‍ വിലക്കുണ്ട്. എന്നാല്‍ പൊതു നിരത്തുകള്‍ക്ക് സമീപം ശിരോവസ്ത്രങ്ങള്‍ക്ക് വിലക്കില്ല. പൊലീസിന് ആളുകളെ എപ്പോള്‍ വേണമെങ്കിലും ശിരോവസ്ത്രം ഉയര്‍ത്തി പരിശോധിക്കാം എന്നതുകൊണ്ടാണ് ഇവിടങ്ങളില്‍ നിരോധനം ഒഴിവാക്കിയത്. തീവ്ര വലതുപക്ഷ നേതാവായ ഗ്രീറ്റ് വില്‍ഡേഴ്‌സാണ് ശിരോവസ്ത്രം നിരോധിക്കാന്‍ മുന്‍കൈയ്യെടുത്തത്. എന്നാല്‍ തീരുമാനം നെതര്‍ലാന്റ്‌സിനെ ഇസ്ലാം മുക്തമാക്കാനാണ് ഗ്രീറ്റ് വില്‍ഡേഴ്‌സിന്റെ ശ്രമമെന്ന് സെനെറ്റ് അംഗം മര്‍ജോളിന്‍ ഫാബെര്‍ വാന്‍ ഡേ വിമര്‍ശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല