സ്വന്തം ലേഖകന്‍: കാപ്പിക്കപ്പ് വഴുതിയപ്പോള്‍ തറ തുടച്ച നെതര്‍ലന്‍ഡ്സ് പ്രധാനമന്ത്രിയാണ് സമൂഹ മാധ്യമങ്ങളില്‍ താരം. നെതര്‍ലന്‍ഡ്സ് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ച. തന്റെ കയ്യിലുണ്ടായിരുന്ന കാപ്പി താഴേക്കു വീണപ്പോള്‍, യാതൊരു മടിയും കൂടാതെ തറ തുടച്ചുവൃത്തിയാക്കുന്ന മാര്‍ക്കിനെയാണ് വീഡിയോയില്‍ കാണുന്നത്.
പാര്‍ലമെന്റിലേക്കു പോകുന്നതിനിടെയാണ് മാര്‍ക്കിന്റെ കയ്യില്‍നിന്ന് കാപ്പി താഴെ വീണത്. തുടര്‍ന്ന് കൈവശമുണ്ടായിരുന്ന വസ്തുക്കള്‍ സമീപത്തെ മേശയില്‍ വയ്ക്കുകയും ശുചീകരണ ജീവനക്കാരനില്‍നിന്ന് മോപ്പ് വാങ്ങി തറ തുടച്ചു വൃത്തിയാക്കുകയുമായിരുന്നു. സമീപമുണ്ടായിരുന്ന ആരോ അതിന്റെ വിഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയില്‍നിന്ന് ഉണ്ടായ ഈ അപ്രതീക്ഷിത പ്രവൃത്തി കണ്ട് പാര്‍ലമെന്റിലെ ശുചീകരണത്തൊഴിലാളികള്‍ അദ്ദേഹത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. പാര്‍ലമെന്റിലെ സുരക്ഷാഗേറ്റിനടുത്തുവച്ചാണു പ്രധാനമന്ത്രിയുടെ കയ്യിലെ കാപ്പിക്കപ്പ് നിലത്തുവീണത്. അതേസമയം, ഇതു പ്രശസ്തിക്കു വേണ്ടി ചെയ്യുന്നതാണെന്ന ആരോപണവുമായി മറ്റൊരു കൂട്ടരും രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല