സ്വന്തം ലേഖകന്‍: നെതര്‍ലന്‍ഡ്‌സില്‍ ട്രാമിലെ യാത്രക്കാര്‍ക്ക് നേരെ വെടിവയ്പ് നടത്തിയ തുര്‍ക്കി വംശജന്‍ പിടിയില്‍; വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. നെതര്‍ലന്‍ഡ്‌സിലെ യൂട്രെക്റ്റ് നഗരത്തില്‍ ട്രാമില്‍ വെടിവയ്പ് നടത്തിയ അക്രമി പിടിയില്‍. തുര്‍ക്കി വംശജനായ ഗോക്‌മെന്‍ ടാനിസ് (37) എന്നയാളാണ് പിടിയിലായത്.
ഇയാളുടെ ഫോട്ടോ പോലീസ് നേരത്തേ പുറത്തുവിട്ടിരുന്നു. ആക്രമണം നടന്ന സ്ഥലത്തുനിന്നും മൂന്നു കിലോമീറ്റര്‍ മാറിയാണ് ഇയാളെ പോലീസ് പിടികൂടിയത്. അതേസമയം, കുടുംബപ്രശ്‌നമാണ് വെടിവയ്പിനു കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. ട്രാമിലുണ്ടായിരുന്ന സ്ത്രീയെ ലക്ഷ്യമിട്ടാണ് ഇയാള്‍ വെടിയുതിര്‍ത്തത്.
ട്രാമിലുണ്ടായ വെടിവയ്പില്‍ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. ന്യൂസിലന്‍ഡിലെ മോസ്‌കുകളില്‍ അന്പതു പേരെ കുടിയേറ്റവിരുദ്ധനായ വെള്ളക്കാരന്‍ വെടിവച്ചുകൊന്ന സംഭവത്തിനു മൂന്നുദിവസത്തിനുശേഷമാണ് ഡച്ച് നഗരത്തിലും ആക്രമണമുണ്ടായിരിക്കുന്നത്.
വെടിവെപ്പില്‍ മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആംസ്റ്റര്‍ഡാം കഴിഞ്ഞാല്‍ നെതര്‍ലാന്റ്‌സിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഉട്രെച്ച്. അപകടമറിഞ്ഞ് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടെയും അന്വേഷണ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും സംഭവസ്ഥലത്തെത്തിയിരുന്നു. ജനങ്ങള്‍ റോഡുകളില്‍ കൂട്ടം കൂടി നില്‍ക്കരുതെന്ന് സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല